ഇന്ത്യന്‍ ടീമില്‍ എത്തണമെങ്കില്‍ വൈഭവ് ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും; തുറന്ന് പറഞ്ഞ് മുന്‍ സ്പിന്നര്‍ വെങ്കിടപതി രാജു
Sports News
ഇന്ത്യന്‍ ടീമില്‍ എത്തണമെങ്കില്‍ വൈഭവ് ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും; തുറന്ന് പറഞ്ഞ് മുന്‍ സ്പിന്നര്‍ വെങ്കിടപതി രാജു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th June 2025, 3:02 pm

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി എന്ന 14കാരന്‍ തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടി താരം തന്റെ കരുത്ത് തെളിയിച്ചിരുന്നു. ഇതോടെ പല സീനിയര്‍ താരങ്ങളും വൈഭവിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മാത്രമല്ല പലരും താരത്തെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ടെസ്റ്റില്‍ കളിപ്പിക്കണമെന്നും പറഞ്ഞു.

ഇപ്പോള്‍ യുവ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ വെങ്കടപതി രാജു. ഇന്ത്യന്‍ ടീമിലേക്ക് ഉയരുന്നതിന് താരം ക്ഷമയോടെ കാത്തിരിക്കണമെന്നും അണ്ടര്‍ 19 ലോകകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും കഴിവ് തെളിയിക്കണമെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല സച്ചിനെപ്പോലൊരു താരത്തെപ്പോലെ സ്ഥിരതയോടെ കളിച്ചാല്‍ വൈഭവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും രാജു കൂട്ടിച്ചേര്‍ത്തു.

‘അതെ, അതിന് സമയമെടുക്കും. അണ്ടര്‍ 19 ലോകകപ്പുകളില്‍ അദ്ദേഹം സ്വയം തെളിയിക്കുകയും ആഭ്യന്തര ക്രിക്കറ്റില്‍, പ്രത്യേകിച്ച് നാല് ദിവസത്തെ മത്സരങ്ങളില്‍ സ്ഥിരത പുലര്‍ത്തുകയും വേണം. ചില ഘട്ടങ്ങളില്‍ നമ്മള്‍ ക്ഷമയോടെ ഇരിക്കേണ്ടി വരും. വൈറ്റ് ബോളില്‍ അവന്‍ തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. മാത്രമല്ല എല്ലാത്തിന്റെയും അടിസ്ഥാനം സ്ഥിരതയാണ്.

ഉദാഹരണത്തിന് സച്ചിനെ പോലുള്ള ഒരാളെ എടുക്കുക. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റത്തില്‍ അദ്ദേഹം ഒരു സെഞ്ച്വറി നേടി, തുടര്‍ന്ന് ദുലീപ് ട്രോഫിയിലും റെസ്റ്റ് ഓഫ് ഇന്ത്യയിലും മൂന്ന് ദിവസത്തെ, നാല് ദിവസത്തെ, അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരങ്ങളിലും സെഞ്ച്വറി നേടി. അതിനാല്‍, ഒരു കളിക്കാരന്റെ കഴിവ് കാണുമ്പോള്‍, കളിക്കാനും പ്രകടനം നടത്താനും സ്വയം തെളിയിക്കാനും സമയം നല്‍കേണ്ടത് പ്രധാനമാണ്. അങ്ങനെയാണെങ്കില്‍, അവനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിക്കൂടാ?,’ രാജു പറഞ്ഞു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് വൈഭവ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്‌ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി.

മാത്രമല്ല അടുത്തിടെ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടന്ന റെഡ്ബോള്‍ പരിശീലന മത്സരത്തില്‍ 90 പന്തില്‍ നിന്ന് 190 റണ്‍സ് നേടി വൈഭവ് മികവ് തെളിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം യുവ താരം ഉണ്ടാകുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: Former India spinner Venkatapathy Raju Talking About Vaibhav Suryavanshi