അത് റൊണാള്‍ഡോയുടെ കരിയറിന്റെ തികഞ്ഞ അവസാനമായിരിക്കും: മുന്‍ പോര്‍ച്ചുഗല്‍ താരം നാനി
Sports News
അത് റൊണാള്‍ഡോയുടെ കരിയറിന്റെ തികഞ്ഞ അവസാനമായിരിക്കും: മുന്‍ പോര്‍ച്ചുഗല്‍ താരം നാനി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th November 2025, 9:17 am

2024 ഡിസംബറില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സൂപ്പര്‍ താരമായിരുന്നു നാനി. പോര്‍ച്ചുഗലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി കളിച്ച താരം സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്കൊപ്പം 131 മത്സരങ്ങളിലും കളത്തിലിറങ്ങി. ഇപ്പോള്‍ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം നാനി.

2026ല്‍ വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ടൂര്‍ണമെന്റില്‍ കളിക്കാനും ജയിക്കാനും കഴിഞ്ഞാല്‍ റോണോ തന്റെ കരിയറിന് വിരാമമിടുമെന്ന് നാനി പറഞ്ഞു.

‘ഈ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. കളിക്കാനും ജയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞാല്‍, അത് അദ്ദേഹത്തിന്റെ കരിയറിന്റെ തികഞ്ഞ അവസാനമായിരിക്കും. എല്ലായിപ്പോഴും ചെയ്യുന്നതുപോലെ, അദ്ദേഹം രാജ്യത്തിന് വേണ്ടി തന്റെ പരമാവധി ചെയ്യും.

അദ്ദേഹം അതിനായി കഠിന പരിശ്രമം നടത്തുമെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹം കളിക്കുന്ന രീതി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതിനാല്‍ ഇത് അദ്ദേഹത്തിന് ഒരു മികച്ച സീസണായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ കവേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നാനി പറഞ്ഞു.

ഫുട്‌ബോള്‍ ചരിത്രത്തിലെ മിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് കിരീടം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വരാനിരിക്കുന്ന സീസണില്‍ താരം കിരീടം ലക്ഷ്യം വെച്ചാകും റോണോ കളത്തിലിറങ്ങുക. മാത്രമല്ല ഫുട്‌ബോള്‍ ചരിത്രത്തില്‍ 1000 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ലക്ഷ്യത്തിലേക്കും നടന്നടുക്കുകയാണ് റൊണാള്‍ഡോ.

ഫുട്‌ബോളില്‍ നിലവില്‍ 1294 മത്സരങ്ങളില്‍ നിന്ന് 950 ഗോളുകളാണ് താരം നേടിയത്. അതില്‍ 100 ഗോളുകള്‍ വ്യത്യസ്തമായ അഞ്ച് ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് താരം നേടിയത്.

Content Highlight: Former Football Player Nani Talking About Cristiano Ronaldo