അതിസമ്പന്നർക്ക് അമൃതകാലം, പാവങ്ങൾക്ക് കലികാല ദുരിത ജീവിതം | ഡോ. ടി.എം. തോമസ് ഐസക്
FB Notification
അതിസമ്പന്നർക്ക് അമൃതകാലം, പാവങ്ങൾക്ക് കലികാല ദുരിത ജീവിതം | ഡോ. ടി.എം. തോമസ് ഐസക്
ഡോ. ടി.എം. തോമസ് ഐസക്ക്
Wednesday, 1st February 2023, 8:07 pm
അതിസമ്പന്നര്‍ക്ക് അമൃതകാലം വാഗ്ദാനം ചെയ്തുകൊണ്ട് പാവങ്ങളുടെ കലികാല ദുരിത ജീവിതം സ്ഥായിയാക്കുകയാണ് നിര്‍മല സീതാരാമന്‍. കൊവിഡിന്റെ കെടുതിയിലാണ്ടുപോയ ദരിദ്ര ജനകോടികള്‍ക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല.

ഒമ്പത് വര്‍ഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓര്‍മ്മ വന്നത്. അമൃതകാല വാചകമടികളില്‍ ഒമ്പതുവര്‍ഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാന്‍. പുതിയ കാലത്തേയ്ക്കുള്ള പാതയുടെ മേല്‍ രാജ്യത്തെ ഏറ്റവും വലിയ ശിങ്കിടി മുതലാളി അദാനി നേരിടുന്ന പ്രതിസന്ധിയുടെ കരിനിഴല്‍ വീണു കഴിഞ്ഞു.

ബജറ്റ് ചര്‍ച്ച ചെയ്യുമ്പോള്‍ അദാനിയെ വലിച്ചിഴയ്ക്കണോ എന്ന് ചിന്തിക്കുന്നവരുടെ അറിവിലേയ്ക്ക്. ഈ ബജറ്റിലെ ഏറ്റവും സുപ്രധാന നിര്‍ദ്ദേശവും അദാനിയും തമ്മില്‍ ഒരു ബന്ധമുണ്ട്. കേന്ദ്ര ധനമന്ത്രി ഏറ്റവും കൂടുതല്‍ അഭിമാനം കൊള്ളുന്ന കാര്യം മൂലധനച്ചെലവില്‍ വരുത്തിയ വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷത്തെ മൂലധനച്ചെലവ് 73000 കോടി രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം അത് ഒരു ലക്ഷം കോടിയായി ഉയരും. ദേശീയ വരുമാനത്തിന്റെ ശതമാനമായി 2.68ല്‍ നിന്ന് മൂലധനച്ചെലവ് 3.33 ശതമാനമായി ഉയരും.

മൂലധനച്ചെലവ് ഉയര്‍ത്തുന്നതിന്റെ ന്യായം കേന്ദ്ര ധനമന്ത്രി പറയുന്നത് ഇതാണ്. ഇന്ത്യയില്‍ പൊതുമേഖലാ നിക്ഷേപം ഉയര്‍ന്നാല്‍ സ്വകാര്യനിക്ഷേപവും ഉയരും. പൊതുനിക്ഷേപം സ്വകാര്യനിക്ഷേപത്തെ തള്ളിപ്പുറത്താക്കുകയല്ല (crowding out) മറിച്ച്, സ്വകാര്യനിക്ഷേപത്തെ ഉള്ളിലേയ്ക്ക് വലിച്ചെടുക്കുകയാണ് ചെയ്യുക (crowding in). സിദ്ധാന്തമൊക്കെ ശരി തന്നെ. പക്ഷേ, എന്തുകൊണ്ടാണ് എന്‍.ഡി.എ ഭരണത്തില്‍ ഇത് പ്രാവര്‍ത്തികമാകാത്തത്?

എന്‍.ഡി.എ അധികാരത്തില്‍ വരുമ്പോള്‍, ദേശീയ വരുമാനത്തിന്റെ 32.3 ശതമാനമായിരുന്നു മൂലധനനിക്ഷേപം. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് തുടര്‍ച്ചയായി കുറഞ്ഞു. കൊവിഡ് കാലത്ത് 27 ശതമാനമായി ഇടിഞ്ഞു. കേന്ദ്ര ധനമന്ത്രി കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് കൊടുത്തു. പുതിയ നിക്ഷേപകര്‍ക്ക് സബ്‌സിഡി നല്‍കി. അങ്ങനെ പലതും. ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളെന്താ നിക്ഷേപിക്കാത്തത് എന്ന് പരസ്യമായി ഒരുഘട്ടത്തില്‍ അവര്‍ക്ക് വിലപിക്കേണ്ടി വന്നു. ഈ ബജറ്റിലും അവര്‍ക്ക് ഉത്തരമില്ല.

തന്നിഷ്ടപ്രകാരമുള്ള നടപടികള്‍ ഏതാനും ശിങ്കിടികള്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെങ്കിലും മറ്റുള്ളവരില്‍ നീരസം നിറയ്ക്കും. ശിങ്കിടികളാകട്ടെ, യഥാര്‍ത്ഥ നിക്ഷേപത്തിന് പകരം നിലവിലുള്ള ഓഹരികളുടെ വില വര്‍ധിപ്പിക്കുന്നതിനാണ് സമയം ചെലവഴിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ നമ്മള്‍ അമൃതകാലത്ത് എത്തിയതു തന്നെ.

എങ്കിലും മൂലധനച്ചെലവ് ഇപ്രകാരം ഗണ്യമായി ഉയര്‍ത്തിയപ്പോള്‍ കമ്മി കൂടിയില്ല. കമ്മി 6.5ല്‍ നിന്ന് 5.9 ആയി കുറയ്ക്കുകയാണ് ചെയ്തത്. കമ്മി കുറഞ്ഞത് റവന്യൂ വരുമാനം കൂടിയതുകൊണ്ടല്ല. അത് കഴിഞ്ഞ വര്‍ഷം 8.6 ശതമാനമായിരുന്നെങ്കില്‍ 8.7 ശതമാനമാണ്. വര്‍ധനയില്ലെന്നു തന്നെ പറയാം. നികുതിയുടെ കാര്യത്തിലും ഇങ്ങനെ തന്നെ.

ഈയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് പൊതുനിക്ഷേപം ഉയര്‍ത്തുന്നത്? അതിനുള്ള പണം എവിടെ നിന്ന്? രണ്ടു രീതിയിലാണ്. ഒന്ന് പൊതുമേഖലാ സ്വത്ത് കൂടുതല്‍ വില്‍ക്കാനാണ് പരിപാടി. രണ്ട്, പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുക. സബ്‌സിഡികളും ക്ഷേമപ്രവര്‍ത്തനങ്ങളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയെടുക്കാം. 2021-22ല്‍ ചെലവഴിച്ചത് 98,000 കോടി രൂപ. കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 89,000 കോടി രൂപ. ഈ വര്‍ഷം വകയിരുത്തിയിരിക്കുന്നത് 60000 കോടി മാത്രം. സാമൂഹ്യ പെന്‍ഷന് കഴിഞ്ഞ വര്‍ഷം 9,652 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വര്‍ഷം 9636 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ദേശീയ ആരോഗ്യമിഷനും ദേശീയ വിദ്യാഭ്യാസ മിഷനും 2022-23 വര്‍ഷത്തില്‍ മൊത്തം 76713 കോടി രൂപയാണ് ചെലവഴിച്ചത്. ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത് 75708 കോടി രൂപ. രണ്ടുമേഖലയ്ക്കും കൂടി ദേശീയവരുമാനത്തിന്റെ 4.84 ശതമാനമാണ് 2022-23ലെ ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത്തവണത്തെ ബജറ്റില്‍ 4.18 ശതമാനം മാത്രം.

സ്ത്രീ ശാക്തീകരണത്തിന്, അങ്കണവാടികള്‍ക്ക്, പോഷകാഹാരത്തിന്, ഇങ്ങനെ ഓരോന്നിനും കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന തുക തന്നെയാണ് ഈ വര്‍ഷവുമുള്ളത്. കാര്‍ഷികമേഖലയ്ക്ക് ഉള്ള വകയിരുത്തല്‍ കുറഞ്ഞു. യൂറിയ സബ്‌സിഡി 1.54 ലക്ഷം കോടി രൂപയില്‍ നിന്ന് 1.31 ലക്ഷം കോടി രൂപയായി കുറച്ചു. പിഎം കിസാന് കഴിഞ്ഞ വര്‍ഷത്തെ തുക മാത്രമേയുള്ളൂ.

അതിസമ്പന്നര്‍ക്ക് അമൃതകാലം വാഗ്ദാനം ചെയ്തുകൊണ്ട് പാവങ്ങളുടെ കലികാല ദുരിത ജീവിതം സ്ഥായിയാക്കുകയാണ് നിര്‍മല സീതാരാമന്‍. കൊവിഡിന്റെ കെടുതിയിലാണ്ടുപോയ ദരിദ്ര ജനകോടികള്‍ക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല.

കഴിഞ്ഞ ബജറ്റിലെ വകയിരുത്തല്‍ പോലും നിഷ്‌കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദരിദ്രജനകോടികള്‍ക്ക് ഒരു പരിഗണനയും അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Content Highlight: Former Finance Minister TM Thomas Isaac’s Reaction on Union Budget 2023

ഡോ. ടി.എം. തോമസ് ഐസക്ക്
കേന്ദ്രകമ്മിറ്റി അംഗം-സി.പി.ഐ.എം