ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഇതോടെ 15 അംഗ സ്‌ക്വാഡുമായി ദബായില്‍ ഇന്ത്യ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയെയും ഗില്ലിനെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബൗളര്‍ മോണ്ടി പനേസര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റന്‍ ആകാനുള്ള യോഗ്യത ഗില്ലിനുണ്ടെന്ന് പനേസര്‍ പറഞ്ഞു. നിലവില്‍ ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാണ്.
അതേസമയം സൂര്യകുമാര്‍ യാദവ് വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പരാജയപ്പെട്ടാല്‍ സെലക്ടര്‍മാര്‍ ഗില്ലിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ സ്ഥാനമൊഴിഞ്ഞാല്‍ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാകാനുള്ള സാധ്യതയും ഗില്ലിനുണ്ടെന്ന് മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു.
‘മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള യോഗ്യത ശുഭ്മന്‍ ഗില്ലിനുണ്ട്. സൂര്യകുമാര്‍ യാദവ് ടി-20 ക്രിക്കറ്റില്‍ പരാജയപ്പെട്ടാല്‍ അല്ലെങ്കില്‍ ഏഷ്യാ കപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, സെലക്ടര്‍മാര്‍ ശുഭ്മന്‍ ഗില്ലിന് ക്യാപ്റ്റന്റെ സ്ഥാനം നല്‍കിയേക്കാം. രോഹിത് ശര്‍മ സ്ഥാനമൊഴിഞ്ഞാല്‍, എല്ലാ ഫോര്‍മാറ്റുകളിലും ഗില്‍ ക്യാപ്റ്റനാകാനുള്ള സാധ്യത വളരെ കൂടുതലാണ്,’ മോണ്ടി പനേസര്‍ ഇന്ത്യ ടി.വിയോട് പറഞ്ഞു.