ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
എന്നാല്‍ മത്സരത്തിന് മുന്നേ ഇംഗ്ലണ്ട് ഇലവനില്‍ നിന്ന് ഓപ്പണര്‍ സാക്ക് ക്രോളിയെ ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനോട് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌ക്കോട്ട്.
ആദ്യ ടെസ്റ്റില്‍ നേടിയ അര്‍ധ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ താരം മോശം പ്രകടനമായിരുന്നു നടത്തിയത്. രണ്ടാം ടെസ്റ്റില്‍ 19, 0 എന്ന നിലയിലും ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 18, 22 എന്നിങ്ങനെയുമായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
‘ക്രോളിക്ക് ഇനിയും എത്ര അവസരങ്ങള്‍ ലഭിക്കും? 57 ടെസ്റ്റുകള്‍ക്ക് ശേഷവും അദ്ദേഹം ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആദ്യ ഇന്നിങ്‌സില്‍ അവന്‍ കീപ്പര്‍ ക്യാച്ചായി, തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഒരു ഫ്രണ്ട് ഫൂട്ട് ഡ്രൈവ് വൈഡ് ഡെലിവറിയില്‍ അവന്‍ പുറത്തായി. അവനെ മാറ്റേണ്ട സമയമാണിത്.
മിക്ക എതിരാളികളായ ബൗളര്‍മാരും അദ്ദേഹത്തെ നേരിടാന്‍ ആകാംക്ഷയുള്ളവരാണ്. ഈ സീസണില്‍ ആഷസിനായി ഓസ്ട്രേലിയന്‍ പേസര്‍മാര്‍ എന്താണ് പ്ലാന്‍ ചെയ്യുന്നതെന്ന് സങ്കല്‍പ്പിക്കുക. സ്റ്റാര്‍ക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കില്‍ ഹേസല്‍വുഡും കമ്മിന്‍സും തീര്‍ച്ചയായും നിങ്ങളെ ബുദ്ധിമുട്ടിക്കും,’ ജെഫ്രി ബോയ്‌ക്കോട്ട് പറഞ്ഞു.
അതേസമയം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.
Content Highlight: India VS England: Former England cricketer Geoffrey Boycott calls for Zak Crawley to be sacked