ടീമില്‍ മൊത്തം ഗംഭീറിന്റെ ഇഷ്ടക്കാര്‍; ഗുരുതര ആരോപണവുമായി മുന്‍ താരം
Sports News
ടീമില്‍ മൊത്തം ഗംഭീറിന്റെ ഇഷ്ടക്കാര്‍; ഗുരുതര ആരോപണവുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd August 2025, 2:23 pm

ഇന്ത്യന്‍ പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. പരിശീലകന്‍ തനിക്ക് ഇഷ്ടപ്പെട്ടവരെ പിന്തുണക്കുന്നുവെന്നും മറ്റുള്ളവരെ തഴയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗംഭീറിന്റെ ഏറ്റവും വലിയ നേട്ടം ചാമ്പ്യന്‍സ് ട്രോഫിയാണെന്നും എന്നിട്ടും അത് നേടുന്നതില്‍ നിര്‍ണായകമായ ശ്രേയസിനെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗംഭീര്‍ തനിക്ക് ഇഷ്ടപ്പെട്ടവരെ പിന്തുണക്കുന്നു. പക്ഷേ, ഇഷ്ടമില്ലാത്തവരെ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെസ്റ്റില്‍ മോശം പ്രകടനമായതിനാലാണ് ഇംഗ്ലണ്ട് പരമ്പരയിലെ സമനില വലിയ നേട്ടമായി തോന്നുന്നത്. രവി ശാസ്ത്രിയുടെയും വിരാട് കോഹ്ലിയുടെയും കാലത്ത് തുടര്‍ച്ചയായി വിദേശത്ത് വിജയങ്ങള്‍ നേടിയിരുന്നു.

എന്നാല്‍, ഒരു സമനില ഗംഭീറിന്റെ വലിയ നേട്ടമായി കണക്കാക്കുന്നു. പക്ഷേ, ചാമ്പ്യന്‍സ് ട്രോഫി വിജയമാണ് ഗംഭീറിന്റെ വലിയ നേട്ടം. ശ്രേയസ് അയ്യരായിരുന്നു ആ നേട്ടത്തിന് കാരണമായത്. എന്നിട്ടും അവനെ ഗംഭീര്‍ പിന്തുണക്കുന്നില്ല,’ രമേശ് പറഞ്ഞു.

ഏഷ്യാ കപ്പിന്റെ വേദിയായ യു.എ.ഇയില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും രമേശ് പറഞ്ഞു. ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവനൊരു സ്ഥിരസാന്നിധ്യമാവണം. താരങ്ങള്‍ ആത്മവിശ്വാസത്തിലും ഫോമിലുമാകുമ്പോള്‍ അവരെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിറം മങ്ങുമ്പോഴല്ല, മറിച്ച് ഫോമും ആത്മവിശ്വാസവും ഉള്ളപ്പോളാണ് താരങ്ങളെ പിന്തുണക്കേണ്ടത്. കൂടാതെ, യശസ്വി ജെയ്സ്വാളിനെ പോലുള്ള ഒരു എക്‌സ് ഫാക്ടറാണ്. അവന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. അവനെ ഒരു സ്റ്റാന്‍ഡ് ബൈ താരം മാത്രമായി മാറ്റിയത് ഒരു മോശം നീക്കമാണ്,’ രമേശ് പറഞ്ഞു.

 

Content Highlight: Former cricketer Sadagopan Ramesh says Gautham Gambhir backs players he likes and doesn’t support Shreyas Iyer