എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യവും മനോവീര്യം തകര്‍ക്കാന്‍ വേണ്ടിയുള്ളതും: ഉമ്മന്‍ചാണ്ടി
Assam Assembly Election 2021
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യവും മനോവീര്യം തകര്‍ക്കാന്‍ വേണ്ടിയുള്ളതും: ഉമ്മന്‍ചാണ്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th April 2021, 6:48 pm

തിരുവനന്തപുരം : എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘ജനാധിപത്യ ബോധ്യമുള്ള സമൂഹത്തെ പരിഹസിക്കുന്നതാണ് അശാസ്ത്രീയ സര്‍വേകള്‍. യു.ഡി.എഫിന് ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങള്‍ എല്‍.ഡി.എഫ് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു.

സ്വജന പക്ഷപാതിത്വവും അഴിമതി നിറഞ്ഞതുമായ ഭരണം അവസാനിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യ മുന്നണി മുന്നോട്ടു പോകും’; ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ദേശീയ, സംസ്ഥാന ടെലിവഷന്‍ ചാനലുകള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതു മുന്നണിക്ക് തുടര്‍ ഭരണം പ്രവചിച്ചിട്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുവന്ന പ്രീ പോള്‍ സര്‍വേയും യു.ഡി.എഫിന് പ്രതികൂലമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

72 സീറ്റുകള്‍ മുതല്‍ മുകളിലേക്ക് നേടി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ പറയുന്നത്. റിപ്പബ്ലിക് ടി.വി -സി.എന്‍.എക്‌സ് സര്‍വേ പ്രകാരം എല്‍.ഡി.എഫ് 72 മുതല്‍ 82 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 58 മുതല്‍ 64 സീറ്റുകളും എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് മുതല്‍ 5 സീറ്റ് വരെയുമാണ് പ്രവചനം.

എന്‍.ഡി.ടി.വി പുറത്തുവിട്ട സര്‍വേ പ്രകാരം എല്‍.ഡി.എഫ് 85 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. യു.ഡി.എഫ് 53 സീറ്റുകളിലും എന്‍.ഡി.എ 2 സീറ്റുകളിലും വിജയിക്കുമെന്നും എന്‍.ഡി.ടി.വി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

സി.എന്‍.എന്‍-ന്യൂസ് -18 സര്‍വേ പ്രകാരം എല്‍.ഡി.എഫിന് 72 മുതല്‍ 80 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെയും എന്‍.ഡി.എയ്ക്ക് ഒന്ന് മുതല്‍ 5 സീറ്റുകള്‍വരെയും ലഭിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

എ.ബി.പി-സി വോട്ടര്‍ സര്‍വേയില്‍ എല്‍.ഡി.എഫ് 71 മുതല്‍ 77 വരെ സീറ്റും യു.ഡി.എഫ് 62 മുതല്‍ 68 വരെയും എന്‍.ഡി.എ 2 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ഇന്ത്യാ ടുഡെയുടെ പ്രവചന പ്രകാരം കേരളത്തില്‍ ഇടത് തരംഗം ഉണ്ടാവുമെന്നാണ് പറയുന്നത്. 104 മുതല്‍ 120 സീറ്റുകള്‍ വരെ എല്‍.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

Content Highlights: Oommen Chandy has said that the Oommen Chandy exit poll results are ridiculous