2026ല്‍ ഫിഫ ലോകകപ്പ് ഉയര്‍ത്താമെന്ന പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വപ്‌നം നടക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ചെല്‍സി സൂപ്പര്‍ താരം വില്യം ഗാലസ്. 2026 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താന്‍ ക്ലബ്ബ് ലോകകപ്പ് കളിക്കാതിരുന്നത് എന്ന റൊണാള്‍ഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാലസ് ഇക്കാര്യം പറഞ്ഞത്.
നിലവിലെ പോര്‍ച്ചുഗല്‍ സ്‌ക്വാഡ് ഏറെ മികച്ചതാണെന്നും എന്നാല്‍ കിരീടം നേടാന്‍ ടീമിന് സാധിക്കില്ലെന്നും മുന്‍ ഫ്രഞ്ച് താരം പറഞ്ഞു.
വില്യം ഗാലസ്
ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കുന്നതിനായി റൊണാള്‍ഡോക്ക് അവസരമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരം മറ്റേതെങ്കിലും ടീമിന്റെ ഭാഗമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
എന്നാല്‍ താരം അല്‍ നസറുമായി തന്റെ കരാര്‍ നീട്ടുകയായിരുന്നു.
‘ക്ലബ്ബ് വേള്‍ഡ് കപ്പ് കളിക്കുന്നതിനായി എനിക്ക് ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അത് മികച്ച തീരുമാനമായി എനിക്ക് തോന്നിയില്ല. 2026 ലോകകപ്പിന് മുമ്പ് മുന്നൊരുക്കങ്ങള്‍ നടത്തുകയും ആവശ്യത്തിന് വിശ്രമം നേടുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം ഇത് ലോകകപ്പിന്റെ സീസണാണ്, ഈ സീസണിന്റെ അവസാനത്തോടെ ലോകകപ്പിന്റെ ആരവവും ഉയരും. ഇതിനാല്‍ തന്നെ അല്‍ നസറിന് വേണ്ടി മാത്രമല്ല, നാഷണല്‍ ടീമിന് വേണ്ടിയും തയ്യാറെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
എന്നാല്‍ ലോകകപ്പ് സ്വന്തമാക്കണമെന്ന താരത്തിന്റെ ആഗ്രഹം പൂര്‍ത്തിയാകില്ലെന്നും എല്ലാം കണ്ണുനീരില്‍ അവസാനിക്കുമെന്നുമാണ് ഗാലസ് അഭിപ്രായപ്പെടുന്നത്. പ്രൈം കസിനോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുത്ത സമ്മറില്‍, ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ടാകും. രണ്ട് തരത്തിലാണെങ്കിലും ഇത് ഏറെ വൈകാരികമായിരിക്കും. ഇനി മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നിരുന്നാലും അദ്ദേഹത്തിന് ബെഞ്ചില്‍ നിന്ന് പുറത്ത് വരാനും കളത്തിലിറങ്ങാനും സാധിക്കും.
പോര്‍ച്ചുഗല്‍ ഒരു മികച്ച, ശക്തമായ ടീമായാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും റൊണാള്‍ഡോയ്ക്ക് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടായിരിക്കും. മിക്കവാറും കാര്യങ്ങള്‍ കണ്ണുനീരില്‍ തന്നെയാകും അവസാനിക്കുന്നത്,’ ഗാലസ് പറഞ്ഞു.
2022 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച്-ലാണ് പോര്‍ച്ചുഗലുണ്ടായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തിയാണ് പറങ്കിപ്പട റൗണ്ട് ഓഫ് സിക്സ്റ്റീന്‍ മത്സരങ്ങള്‍ക്കിറങ്ങിയത്.