ഇംഗ്ലണ്ടില്‍ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്; ബുംറയോ ഗില്ലോ അല്ല, സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുന്‍ കോച്ച്
Sports News
ഇംഗ്ലണ്ടില്‍ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്; ബുംറയോ ഗില്ലോ അല്ല, സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുന്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th June 2025, 12:27 pm

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.

ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അതിനുള്ള കഴിവ് താരത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു.

 

‘ഇംഗ്ലണ്ടില്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ എല്ലായപ്പോഴും മികച്ചുനിന്നിട്ടുണ്ട്. ഒരുപക്ഷേ തുടക്കത്തില്‍ പോലും, വിക്കറ്റില്‍ ചെറിയ ഈര്‍പ്പമുള്ളപ്പോള്‍ അതും റിസ്റ്റ് സ്പിന്നര്‍ക്ക് അനുകൂലമായി വരും, പേസര്‍മാര്‍ ഉപയോഗിച്ച് പഴകുമ്പോഴും. പക്ഷേ, വീണ്ടും പറയട്ടെ, ആ പരുക്കന്‍ പ്രതലം സ്പിന്നിനായി ഉപയോഗിക്കുക എന്നത് ഒരു പ്രത്യേക കഴിവാണ്.

ഇത് കേവലം ബൗളിങ്ങിനെ കുറിച്ചല്ല. ഇതിനെ കുറിച്ചെല്ലാം ആലോചിക്കുമ്പോള്‍ ഷെയ്ന്‍ വോണിനെയാണ് പെട്ടന്ന് ഓര്‍മ വരിക. ഇംഗ്ലണ്ടില്‍ തിളങ്ങാനുള്ള സ്‌കില്‍ കുല്‍ദീപിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ ഭരത് അരുണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ആറ് മത്സരത്തില്‍ കുല്‍ദീപ് കളത്തിലിറങ്ങിയിട്ടുണ്ട്. 22.28 ശരാശരിയില്‍ 21 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരോ തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 5/72 ആണ്.

ജൂണ്‍ 20ന് ആരംഭിക്കുന്ന പരമ്പരയില്‍ കുല്‍ദീപ് തിളങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.

 

വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

അതേസമയം,  ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ കോട്ട കാക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാരസ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

 

Content Highlight: Former bowling coach Bharat Arun praises Kuldeep Yadav