മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എന്ന നിലയിലാണ് പറയുന്നത്, അവന്‍ ലോകകപ്പ് ടീമിലുണ്ടാവണം; മൂന്നാം നമ്പറിലെ യുവതാരത്തിന് വേണ്ടി വാദിച്ച് ശ്രീകാന്ത്
Sports News
മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എന്ന നിലയിലാണ് പറയുന്നത്, അവന്‍ ലോകകപ്പ് ടീമിലുണ്ടാവണം; മൂന്നാം നമ്പറിലെ യുവതാരത്തിന് വേണ്ടി വാദിച്ച് ശ്രീകാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th August 2022, 5:58 pm

ഈ മാസം അവസാനം വരാനിരിക്കുന്ന ഏഷ്യാ കപ്പും ശേഷം വരുന്ന ടി-20 ലോകകപ്പുമാണ് ഇന്ത്യയുടെ 2022 കലണ്ടറില്‍ ഇനി വരാനുള്ള പ്രധാന ടൂര്‍ണമെന്റുകള്‍. പാകിസ്ഥാനടക്കമുള്ള ടീമുകള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലനം തുടങ്ങിയെങ്കിലും ഇന്ത്യ ഇനിയും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല.

താരങ്ങളുടെ ആധിക്യമുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഏവരെയും തൃപ്തിപ്പെടുത്തുന്ന ഒരു സ്‌ക്വാഡ് സെലക്ട് ചെയ്യുക എന്ന കാര്യം സെലക്ഷന്‍ കമ്മിറ്റിയ്ക്ക് തലവേദനയാവുമെന്നുറപ്പാണ്.

എന്നാലിപ്പോള്‍ ഒരു ഇന്ത്യന്‍ യുവതാരത്തിന് വേണ്ടി വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ദീപക് ഹൂഡ ടീമിനൊപ്പമുണ്ടാകണമെന്നും അവന്‍ ‘സ്‌ട്രോങ് കണ്ടെന്ററാ’ണെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ടി-20 മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹൂഡ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പമുണ്ടാകണമെന്നും അവന്‍ ഇന്റലിജന്റായ ബൗളറാണെന്നും അദ്ദേഹം പറഞ്ഞു.

‘ദീപക് ഹൂഡ ടി-20 ലോകകപ്പ് ടീമിലെ ഒരു സ്‌ട്രോങ് കണ്ടെന്റര്‍ തന്നെയാണ്. സെലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. അവന്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് എനിക്ക് നൂറ് ശതമാനവും ഉറപ്പാണ്.

ഞാന്‍ നമ്പറിലൂടെ പോവാന്‍ ആഗ്രഹിക്കുന്നില്ല. മെല്‍ബണില്‍ നടക്കുന്ന ലോകകപ്പില്‍ അവന് ഡെലിവര്‍ ചെയ്യാന്‍ സാധിക്കുമോ? ഉറപ്പായും സാധിക്കും. അവന്റെ ധൈര്യമാണ് എനിക്കിഷ്ടം. ഫ്രീയായി കളിക്കുന്ന താരങ്ങളെ എനിക്കേറെ ഇഷ്ടമാണ്.

ഇതിന് പുറമെ അവന്‍ മികച്ച ഒരു ബൗളര്‍ തന്നെയാണ്. ഇന്റലിജന്റായ ബൗളറാണ് അവന്‍. ടീമിന്റെ ഫൈനല്‍ സ്‌ക്വാഡിലെ സ്‌ട്രോങ് കണ്ടന്ററാണവന്‍,’ ശ്രീകാന്ത് പറഞ്ഞു.

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ ദീപക് ഹൂഡ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ടീമിന്റെ പവര്‍ ഹിറ്ററായി മാറിയ ഹൂഡ സൂപ്പര്‍ ജയന്റ്‌സിനെ ഐ.പി.എല്‍ 2022ന്റെ ഫൈനല്‍ ഫോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

ഐ.പി.എല്ലിന് ശേഷവും അവസരം ലഭിച്ച മത്സരത്തിലെല്ലാം തന്നെ മികച്ച പ്രകടനമാണ് ഹൂഡ നടത്തിയത്. ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു സാംസണൊപ്പം ടി-20യില്‍ ഇന്ത്യന്‍ ടീമിന്റെ തന്നെ മികച്ച പാര്‍ടനര്‍ഷിപ്പും ഹൂഡ പടുത്തുയര്‍ത്തിയിരുന്നു.

 

Content Highlight: Former BCCI selector Kris Srikanth says Deepak Hooda must be in India’s World Cup squad