ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തിയേറിയിരിക്കുകയാണ്.
ന്യൂസിലാന്‍ഡ് സ്വന്തം തട്ടകത്തിലെത്തി വൈറ്റ് വാഷ് ചെയ്തതിന് പിന്നാലെ ആരംഭിച്ച വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ബി.ജി.ടി പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായി. ഇരുവരും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങണമെന്നാണ് ആരാധകര്‍ പറയുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും റെഡ് ബോള്‍ ഫോര്‍മാറ്റിലെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസറായ ബ്രെറ്റ് ലീ. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ കാലം അവസാനിച്ചു എന്ന് കണക്കാക്കേണ്ടി വരുമെന്നും ഇന്ത്യന്‍ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും ലീ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രെറ്റ് ലീ
‘വിരാട് കോഹ്‌ലിയുടെ കരിയര്‍ അവസാനിച്ചോ? രോഹിത് ശര്‍മയുടെ കരിയറിന് അവസാനമായോ? രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഇക്കാര്യം അംഗീകരിക്കേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ടീമില്‍ തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ രോഹിത് ശര്‍മയ്ക്ക് പ്രയാസമായിരിക്കും. അവന്‍ ഓസ്‌ട്രേലിയക്കെതിരെ സ്‌കോര്‍ കണ്ടെത്താന്‍ പ്രയാസപ്പെട്ടു,’ ലീ പറഞ്ഞു.
രോഹിത് ശര്‍മ മത്സരത്തിനിടെ
അഞ്ച് മത്സരങ്ങളുടെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് രോഹിത് ഇന്ത്യയ്ക്കായി ബാറ്റെടുത്തത്. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 6.20 എന്ന അതിദയനീയമായ ബാറ്റിങ് ശരാശരിയില്‍ നേടിയത് 31 റണ്‍സ് മാത്രം!
ബാറ്റ് ചെയ്ത അഞ്ച് ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രമാണ് രോഹിത്തിന് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. അതും വെറും പത്ത് റണ്‍സ്. പരമ്പരയിലുടനീളം 110 പന്ത് നേരിട്ട രോഹിത് ആകെ നേടിയത് മൂന്ന് ഫോര്‍ മാത്രമാണ്.
ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത്തിന് വമ്പന്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് കളിക്കാതിരുന്ന മത്സരത്തിലാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
രോഹിത്തിന്റെ അഭാവത്തില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ക്യാപ്റ്റന്റെ റോളില്‍ താരത്തിന്റെ ആദ്യ വിജയം കൂടിയാണ് പെര്‍ത്തില്‍ പിറന്നത്.
ജസ്പ്രീത് ബുംറ
ഇതിന് പുറമെ അജിന്‍ക്യ രഹാനെക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ക്യാപ്റ്റന്റെ റോളിലെ ആദ്യ മത്സരം വിജയിക്കുന്ന ഏക ഇന്ത്യന്‍ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി. മത്സരത്തിലെ ബൗളിങ് ചെയ്ഞ്ചുകള്‍ ഉള്‍പ്പടെയുള്ള ബുംറയുടെ തീരുമാനങ്ങള്‍ കയ്യടി നേടുകയും ചെയ്തു.
എന്നാല്‍ ക്യാപ്റ്റന്റെ റോളില്‍ തുടര്‍ പരാജയമേറ്റുവാങ്ങിയ രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ മണ്ണിലും ഈ അനാവശ്യ റെക്കോഡിനെ കൂടെക്കൂട്ടി. ഒടുവില്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Former Australian pacer Brett Lee about Rohit Sharma’s test career