നിനക്കൊരു ഉപദേശം തരാം; രാജസ്ഥാന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് ഓസീസ് ഇതിഹാസം
IPL
നിനക്കൊരു ഉപദേശം തരാം; രാജസ്ഥാന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് ഓസീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th May 2022, 5:10 pm

രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസീസ് സൂപ്പര്‍ താരം മാത്യു ഹെയഡന്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുത്തതിന് പിന്നാലെ തേര്‍ഡ് അമ്പയറെ കളിയാക്കുന്ന രീതിയിലുള്ള താരത്തിന്റെ വിക്കറ്റ് സെലിബ്രേഷനെയാണ് ഹെയ്ഡന്‍ വിമര്‍ശിക്കുന്നത്.

മത്സരത്തിന്റെ 19ാം ഓവറിലായിരുന്നു പരാഗിന്റെ വിവാദ സെലിബ്രേഷന്‍. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ മാര്‍കസ് സ്‌റ്റോയിന്‍സിനെ ക്യാച്ചെടുത്തതിന് ശേഷം പന്ത് താഴെ വെച്ച് തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ കളിയാക്കുന്ന തരത്തിലായിരുന്നു പരാഗ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

നേരത്തെ പരാഗിന്റെ ഒരു ക്യാച്ച് നോട്ടൗട്ടാണെന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചിരുന്നു. ക്യാച്ചെടുക്കുന്നതിന് മുമ്പ് തന്നെ പന്ത് ഗ്രൗണ്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചത്. ഇതാണ് പാരാഗിനെ ചൊടിപ്പിച്ചതും വിവാദ സെലിബ്രേഷനിലേക്ക് നയിച്ചതും.

ഇതിന് പിന്നാലെ നിരവിധി വിമര്‍ശനങ്ങള്‍ പരാഗിനെതിരെ ഉയര്‍ന്നിരുന്നു. ക്രിക്കറ്റ് മാന്യതയുള്ള കളിയാണെന്നും കളിക്കളത്തില്‍ മാന്യത കാണിക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു ആളുകളുടെ വിമര്‍ശനം.

ഇപ്പോഴിതാ, പരാഗിനെതിരെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് മാത്യു ഹെയ്ഡന്‍.

‘നിനക്ക് തരാന്‍ ഒരു ഉപദേശമുണ്ട് പരാഗ്. ക്രിക്കറ്റ് ദൈര്‍ഘ്യമേറിയ ഒരു കളിയാണ്. നമുക്കെല്ലാര്‍ക്കും അതിനെ കുറിച്ച് ദൈര്‍ഘ്യമേറിയ ഓര്‍മകളുമുണ്ടാവും. നിങ്ങളുടെ വിധിയെ ഒരിക്കലും പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത്, കാരണം അത് വളരെ വേഗം നമ്മളെ തേടി വരും,’ ഹെയ്ഡന്‍ പറയുന്നു.

എന്നാല്‍, സീനിയര്‍ താരങ്ങളുടെ ഇത്തരം ഉപദേശങ്ങളെ താന്‍ ശ്രദ്ധിക്കാനോ അനുസരിക്കാനോ പോകുന്നില്ല എന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഇരുപതാം വയസ്സില്‍ ആരും ഇതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ജീവിതത്തില്‍ ഇനിയും ഒരുപാടുണ്ട്, അതെല്ലാം ആസ്വദിക്കൂ,’ എന്നായിരുന്നു പരാഗിന്റെ പ്രതികരണം.

Content Highlight: Former Ausis superstar Mathew Hayden against Riyan parag’s wicket celebration