ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ഉപദേശവുമായി മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ഇമ്മാനുവല്‍ പെറ്റിറ്റ്. നെയ്മര്‍ക്ക് പാരീസ് സെന്റില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും ലയണല്‍ മെസി ചെയ്യുന്നതുപോലെ ക്ലബ്ബ് വിടണമെന്നും പെറ്റിറ്റ് പറഞ്ഞു. റോഥന്‍സ് എന്‍ഫ്‌ളാം എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി നെയ്മര്‍ പി.എസ്.ജിയില്‍ പലതും സഹിക്കുന്നു. അദ്ദേഹം അവിടം വിടണം. മെസിയെ പോലെ ചെയ്യൂ. നെയ്മര്‍ക്കും പി.എസ്.ജിക്കും അതാണ് നല്ലത്. ആ കഥ അവിടെ അവസാനിക്കട്ടെ,’ പെറ്റിറ്റ് പറഞ്ഞു.
പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നെയ്മര്‍ നാട്ടില്‍ പാര്‍ട്ടി ചെയ്ത് ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും മാനേജ്മെന്റ് താരത്തിന് വേണ്ട സുരക്ഷ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് പി.എസ്.ജി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്.
ഇതിനിടെ, തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ നെയ്മര്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിലവില്‍ ബാഴ്‌സയിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബ്ലൂഗ്രാനക്ക് നിര്‍വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് ന്യൂസ് ഔട്ട്‌ലെറ്റായ റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, മെസി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുതിയ ക്ലബ്ബിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ഫുട്‌ബോള്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.