ഇതുപോലൊരു സമരം കണ്ടിട്ടുണ്ടോയെന്ന് മനോരമ; ഇതൊക്കെയെന്ത്, ഫ്രാന്‍സില്‍ രണ്ടാഴ്ചയിലൊരു പണിമുടക്കെന്ന് വിദേശി
Kerala
ഇതുപോലൊരു സമരം കണ്ടിട്ടുണ്ടോയെന്ന് മനോരമ; ഇതൊക്കെയെന്ത്, ഫ്രാന്‍സില്‍ രണ്ടാഴ്ചയിലൊരു പണിമുടക്കെന്ന് വിദേശി
രാഗേന്ദു. പി.ആര്‍
Thursday, 12th February 2026, 1:11 pm

കൊച്ചി: രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ കുത്തിത്തിരിപ്പിന് ശ്രമിച്ച് മനോരമ. പണിമുടക്കിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയ രണ്ട് വിദേശയാത്രികരോട് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മനോരമയുടെ കുത്തിത്തിരിപ്പിനുള്ള ശ്രമം നടന്നത്.

ഇതുപോലൊരു പണിമുടക്ക് ജീവിതത്തില്‍ കണ്ടിട്ടുണ്ടോയെന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാക്കളോടാണ് മനോരമ പ്രതികരണം തേടിയത്. മൂന്നാറിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ കൊച്ചിയില്‍ കുടുങ്ങിയത്.

എന്നാല്‍ മനോരമയുടെ ചോദ്യത്തിന് യുവാക്കള്‍ നല്‍കിയ മറുപടി ‘ഇതൊന്നും ഒരു പ്രശ്‌നമല്ല’ എന്നാണ്. ഫ്രാന്‍സില്‍ രണ്ടാഴ്ചയില്‍ ഒരു പണിമുടക്ക് ഉണ്ടാകുമെന്നും പൊതുഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.

ജര്‍മനിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ തടസപ്പെടാറുണ്ടെന്നും പണിമുടക്കില്‍ ബുദ്ധിമുട്ട് തോന്നുന്നില്ലെന്നും ജര്‍മനിയില്‍ നിന്നെത്തിയ യാത്രികനും പറഞ്ഞു. നാട്ടില്‍ പണിമുടക്കെല്ലാം സാധാരണമാണെന്നും ഇന്ത്യയിലെ പണിമുടക്കിനെ കുറിച്ച് ഒന്നിലധികം വിവരങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

പണിമുടക്ക് അര്‍ധരാത്രിയില്‍ ആരംഭിച്ചു, രാവിലെ ആറുമണി മുതലാണ് ആരംഭിച്ചത് തുടങ്ങിയ വിവരങ്ങളാണ് ലഭിച്ചതെന്നും യാത്രികന്‍ പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ വിവരങ്ങള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയിട്ട് ബസ് കിട്ടാതെ, കൊതുകുകടി കൊണ്ട് കാത്തിരിക്കേണ്ടി വന്നുവല്ലേ എന്ന ചോദ്യത്തിന്, അതേ… പക്ഷെ കൊതുകുകടി കൊള്ളാതിരിക്കാന്‍ സ്പ്രേ അടിച്ചിട്ടുണ്ടെന്നും ജര്‍മന്‍ യാത്രികന്‍ പറഞ്ഞു. ആറാഴ്ച ഇന്ത്യയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ മാത്രമാണ് പണിമുടക്ക് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും വിധത്തിലായിരുന്നു മനോരമയുടെ ചോദ്യങ്ങള്‍. എന്നാല്‍ വിദേശികളുടെ ഉത്തരത്തില്‍ മനോരമയുടെ നാക്ക് ഉളുക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. അര്‍ധരാത്രിയില്‍ ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ വിജയകരമായാണ് തുടരുന്നത്.

സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ സര്‍വീസ് സംഘടനകളും കര്‍ഷക സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടക്കുക.

Content Highlight: Foreign traveler says there will be a strike every two weeks in France

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.