ഒരു കോടിയിലധികം വിലവരുന്ന ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിച്ചു; രാഹുലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്
Kerala
ഒരു കോടിയിലധികം വിലവരുന്ന ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിച്ചു; രാഹുലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്
രാഗേന്ദു. പി.ആര്‍
Sunday, 11th January 2026, 7:50 pm

കോഴിക്കോട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലും അതിജീവിതയും തമ്മിലുള്ള ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒരു കോടിയിലധികം വിലവരുന്ന ഫ്ലാറ്റ് വാങ്ങാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന ചാറ്റുകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

2 ബെഡ് റൂമുള്ള ഫ്ലാറ്റ് പോരേയെന്ന് ചോദിക്കുമ്പോള്‍ 3 ബി.എച്ച്.കെ വേണമെന്നാണ് രാഹുല്‍ പറയുന്നത്. പാലക്കാട് എം.എല്‍.എ ആയതിനുശേഷമാണ് രാഹുല്‍ ഫ്ലാറ്റ് വാങ്ങാന്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചത്.

ഈ ഫ്ലാറ്റില്‍ ഒരുമിച്ച് താമസിക്കാമെന്നും മാങ്കൂട്ടത്തില്‍ ചാറ്റില്‍ പറയുന്നുണ്ട്. ഇരുവരും തമ്മില്‍ 2024 ഡിസംബര്‍ 20ന് നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം യുവതിയുടെ മൊഴിയില്‍ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് രാഹുല്‍ അതിജീവിതയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

യുവതിയെ രാഹുല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട്. ചെരിപ്പ് വാങ്ങാനായി 10000 രൂപയാണ് പരാതിക്കാരിയില്‍ നിന്നും രാഹുല്‍ ആവശ്യപ്പെട്ടത്.

പല സമയങ്ങളിലായി ബ്രാന്‍ഡഡ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനും രാഹുല്‍ യുവതിയോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഫെന്നി നൈനാന്‍ രാഹുലിന്റെ കൈയില്‍ ആഹാരം കഴിക്കാന്‍ പോലും പണമില്ലെന്ന് പറഞ്ഞിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചിരുന്നുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം തനിക്കെതിരായ എല്ലാ ആരോപണങ്ങളും രാഹുല്‍ നിഷേധിച്ചു. തന്നെ ജയിലില്‍ അടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു.

നാളെ (തിങ്കള്‍) രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

Content Highlight: Forced to buy a flat worth over one crore; Chat between Rahul and survivor exposed

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.