മത്സരത്തിന്റെ ആദ്യ ഹാഫില്‍ ഇരു ടീമുകള്‍ക്കും ആധിപത്യം സ്ഥാപിക്കാനോ ഗോള്‍ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. 42ാം മിനിറ്റില്‍ ടോട്ടന്‍ഹാം മിഡ്ഫീല്‍ഡര്‍ ജോണ്‍സണിന്റെ ഷോട്ടാണ് സമനില പൊളിച്ചത്. ഗോള്‍ തിരിച്ചടിക്കാന്‍ റെഡ് ഡെവിള്‍സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല.
ഹോട്ട്‌സ്പറിന്റെ വല കുലുക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരങ്ങള്‍ തൊടുത്ത ഷോട്ടുകള്‍ മനോഹരമായി തട്ടിയകറ്റിയ ഗോള്‍ കീപ്പര്‍ ഗുഗ്ലിയല്‍മോ വികാരിയോയുടെ പങ്ക് ടീമിന്റെ കിരീടധാരണത്തില്‍ നിര്‍ണായകമായി.
കലാശപ്പോരില്‍ ഉടനീളം ആധിപത്യം റൂബിന്‍ അമോറിമിന്റെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായിരുന്നു. 16 ഷോട്ടുകളാണ് റെഡ് ഡെവിള്‍സ് ടോട്ടന്‍ഹാമിന്റെ ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് പായിച്ചത്. മത്സരത്തിന്റെ 74 ശതമാനം പന്ത് കൈവശം വെച്ചത് ചുവന്ന ചെകുത്തന്മാരായിരുന്നു.
അതേസമയം, വെറും മൂന്ന് ഷോട്ടുകളും 26 ശതമാനം ഗോള്‍ പൊസഷനുമായാണ് ടോട്ടന്‍ഹാം യൂറോപ്പ ലീഗ് സ്വന്തമാക്കിയത്. മത്സരത്തില്‍ പാസുകളില്‍ അടക്കം ഏറെ പിന്നിലായിട്ടും യുണൈറ്റഡിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കാനായതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ടീം യോഗ്യത നേടുകയും ചെയ്തു.
ഒരു പതിറ്റാണ്ടിന് ശേഷമാണ് ടോട്ടന്‍ഹാം ഒരു യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിടുന്നത്. 2008ല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് ഹോട്ട്പര്‍ ഒരു ലീഗ് ജേതാക്കളാകുന്നത്.
അതോടൊപ്പം ഈ കിരീട നേട്ടത്തോടെ ഒരു യൂറോപ്യന്‍ കിരീടം കൂടിയെന്ന സ്വപ്ന സാഫല്യത്തിലെത്താനും ടീമിനായി. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് ഇതെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 1984ലെ യുവേഫ കപ്പ് കിരീടമായിരുന്നു ടോട്ടന്‍ഹാം അവസാനമായി നേടിയത്.
Content Highlight: Football: Tottenham Hotspur became Europa League champions beating Manchester United