വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പി.എസ്.ജി. സ്വന്തമാക്കിയിരുന്നു. ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.എസ്.ജി കന്നി കിരീടത്തില്‍ മുത്തമിട്ടത്.
യുവതാരം ഡിസൈര്‍ ഡുവോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ദി പാരീസിയന്‍സ് സ്വന്തം ഷോക്കേസിലെത്തിച്ചത്. മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ 20ാം മിനിട്ടിലും 63ാം മിനിട്ടിലുമാണ് ഡുവോ ഇന്ററിന്റെ വല കുലുക്കിയത്. കൂടാതെ പി.എസ്.ജിയുടെ ആദ്യ ഗോള്‍ 12ാം മിനിട്ടില്‍ അഷറഫ് ഹാക്കിമി നേടിയപ്പോള്‍ അസിസ്റ്റ് നല്‍കിയതും ഡുവോയായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും കൗമാര താരം സ്വന്തം പേരില്‍ കുറിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ഡുവോ സ്വന്തമാക്കിയത്. 19 വയസും 362 ദിവസവുമുള്ളപ്പോഴാണ് താരം ടൂര്‍ണമെന്റ് ഫൈനലില്‍ സ്‌കോര്‍ ചെയ്തത്.
ഇതോടൊപ്പം ഇന്ററിനെതിരെ ആദ്യ ഗോള്‍ നേടിയതോടെ ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാകാനും ഡുവോയ്ക്ക് സാധിച്ചു. ലയണല്‍ മെസിയെയും വിനിഷ്യസ് ജൂനിയറിനെയും മറികടന്നാണ് ഫ്രഞ്ച് താരം നാലാമനായത്.
ഡുവോയുടെ രണ്ടാം ഗോള്‍ ഇന്ററിന്റെ വല തുളച്ചതോടെ യു.സി.എല്‍ ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയ പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലും 19കാരന്‍ ഇടം പിടിച്ചു. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലെയുള്ള താരങ്ങള്‍ ഉള്ള പട്ടികയിലേക്കാണ് സ്വന്തം പേരും താരം ചേര്‍ത്തത്.
ഇന്റര്‍ മിലാനിനെതിരെ പി.എസ്.ജിയുടെ നീലയും ചുവപ്പും കുപ്പായത്തില്‍ കളത്തിലിറങ്ങിയപ്പോള്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഡിസൈര്‍ ഡുവോ. ഫ്രഞ്ച് വമ്പന്മാര്‍ക്കായി മികച്ച പ്രകടനമാണ് കൗമാര താരം സീസണിലുടനീളം നടത്തിയത്.
ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ഡുവോ ലീഗ് വണ്ണില്‍ 31 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ 16 മത്സരങ്ങളില്‍ നാല് വീതം ഗോളുകളൂം അസിസ്റ്റുകളുമാണ് താരം തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്.
Content Highlight: Football: PSG’s youngster Desire Doue became youngest player ever to score goal and assist in UEFA Champions League final