റൊണാൾഡോയെയും മെസിയെയും താരതമ്യപ്പെടുത്തുന്നത് ഇതുപോലെ; പ്രസ്താവനയുമായി പെപ്പെ
Sports News
റൊണാൾഡോയെയും മെസിയെയും താരതമ്യപ്പെടുത്തുന്നത് ഇതുപോലെ; പ്രസ്താവനയുമായി പെപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 11:25 pm

ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഒരിക്കലും കളം വിടാത്ത രണ്ട് പേരുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അതുപോലെ ഇരുവരില്‍ ആരാണ് മികച്ചതെന്ന ചോദ്യവും എക്കാലവും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ്. അതോടൊപ്പം ആരാധകരെ ഇരു ചേരികളിലാക്കാനും ഈ ചോദ്യത്തിന് ശക്തിയുണ്ട്.

ഇരുവരും യൂറോപ്പ് വിട്ട് മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടും ആരാധകരുടെ പ്രിയ താരങ്ങളും പ്രിയ ചര്‍ച്ചാ വിഷയവും ഇതുതന്നെയാണ്. എത്ര തലമുറ മാറ്റമുണ്ടായാലും മെസിയും റോണോയും ഫുട്ബോൾ ആരാധകരുടെ മനസ് അടക്കി വാഴുമെന്നാണിത് തെളിയിക്കുന്നത്. ഇരുവരെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ കടന്നുപോകുന്നത് വളരെ വിരളമാണ്.

ഇപ്പോൾ ഇരുവരുടെ താരതമ്യപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ പോർച്ചുഗൽ താരം പെപ്പെ. റൊണാൾഡോയെയും മെസിയെയും താരതമ്യപ്പെടുത്തുന്നത് ഒരു അന്യഗ്രഹ ജീവിയേയും മനുഷ്യനേയും താരതമ്യപ്പെടുത്തുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

‘റൊണാൾഡോയെയും മെസിയെയും താരതമ്യപ്പെടുത്തുന്നത് ഒരു അന്യഗ്രഹ ജീവിയേയും മനുഷ്യനേയും താരതമ്യപ്പെടുത്തുന്നത് പോലെയാണ്. റൊണാൾഡോ ഏറ്റവും മികച്ച താരമാണ്,’ പെപ്പെ പറഞ്ഞു.

നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ താരമാണ്. 2023ലാണ് റോണോ യൂറോപ്പ് വിട്ട് അല്‍ നസറിലേക്ക് ചേക്കേറുന്നത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബിനായി 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം അൽ നസറുമായി കരാർ പുതുക്കിയിരുന്നു. രണ്ട് വർഷത്തേക്ക് കൂടി താരം സൗദി ക്ലബ്ബിനൊപ്പമുണ്ടാവും.

അതേസമയം, മെസി എം.എല്‍.എസ് ക്ലബായ ഇന്റര്‍ മയാമി താരമാണ്. 2023 മയാമിയില്‍ അരങ്ങേറിയ അര്‍ജന്റൈന്‍ താരം 63 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ നേടിയിട്ടുണ്ട്. ഒപ്പം ടീമിനായി 23 അസിസ്റ്റുകളും താരം സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്റർ മയാമി പി.എസ്.ജിയോട് തോറ്റ് ക്ലബ് വേൾഡ് കപ്പിൽ നിന്ന് പുറത്തായിരുന്നു.

Content Highlight: Football: Pepe talks about comparing Cristiano Ronaldo and Lionel Messi