മെസി കഴിഞ്ഞാല്‍ പന്ത് പാസ് ചെയ്യുന്നവനില്‍ മികച്ചവന്‍ ഈ താരം; സിറ്റി താരത്തെ തെരഞ്ഞെടുത്ത് ഗ്വാര്‍ഡിയോള
Sports News
മെസി കഴിഞ്ഞാല്‍ പന്ത് പാസ് ചെയ്യുന്നവനില്‍ മികച്ചവന്‍ ഈ താരം; സിറ്റി താരത്തെ തെരഞ്ഞെടുത്ത് ഗ്വാര്‍ഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th May 2025, 3:43 pm

ഫുട്‌ബോളില്‍ ഏറ്റവും നന്നായി പന്ത് പാസ് ചെയ്യുന്ന താരങ്ങളെ തെരഞ്ഞെടുക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും മാഞ്ചസ്റ്റര്‍ സിറ്റി താരമായ കെവിന്‍ ഡി ബ്രൂയ്‌നെയുമാണ് ഏറ്റവും നന്നായി പന്ത് പാസ് ചെയ്യുന്നവര്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

ബാര്‍സിലോണ ഇതിഹാസങ്ങളായ ആന്ദ്രെസ് ഇനിയേസ്റ്റ, സാവി ഹെര്‍ണാണ്ടസ് എന്നിവരെ മറികടന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ഡി ബ്രൂയ്‌നെയെ തെരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം. ബി.ബി.സിയില്‍ സംസാരിക്കുകയായിരുന്നു പെപ് ഗ്വാര്‍ഡിയോള.

‘ഒന്ന് മെസിയാണ്. രണ്ടാമത്തെ താരം… ഞാന്‍ ഒന്ന് ആലോചിക്കട്ടെ, ഓക്കെ കെവിനെ ഞാന്‍ രണ്ടാമതായി തെരഞ്ഞെടുക്കുന്നത്,’ ഗ്വാര്‍ഡിയോള പറഞ്ഞു.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മെസിയാണ് പന്ത് പാസ് ചെയ്യുന്നതില്‍ ഏറ്റവും മികച്ചവനെന്നും പക്ഷേ കെവിന്‍ അവിടെയുണ്ടെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. കെവിന്റെ കഴിവ് സവിശേഷമാണെന്നും അതുകൊണ്ടാണ് കെവിന്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാകുന്നതെന്നും സിറ്റി പരിശീലന്‍ കൂട്ടിച്ചേര്‍ത്തു.

‘മെസിയാണ് പന്ത് പാസ് ചെയ്യുന്നതില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചവന്‍. കാരണം അദ്ദേഹം ഗോള്‍ പോസ്റ്റിന് വളരെ അടുത്ത് വെച്ച് അത് നന്നായി ചെയ്യാറുണ്ട്. പക്ഷേ കെവിന്‍ അവിടെയുണ്ട്.

ഫൈനല്‍ തേര്‍ഡില്‍ അദ്ദേഹത്തിന്റെ സ്റ്റാറ്റുകള്‍, ഗോളുകള്‍, അസിസ്റ്റുകള്‍ എന്നിവ അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ കഴിവ് സവിശേഷമാണ്, അതുകൊണ്ടാണ് കെവിന്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാകുന്നത്. അത് വളരെയധികം അര്‍ത്ഥമാക്കുന്നു, കാരണം അദ്ദേഹം ശരിക്കും ഒരു പ്രത്യേക കളിക്കാരനാണ്,’ ഗ്വാര്‍ഡിയോള പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി 420 മത്സരങ്ങളില്‍ നിന്ന് 108 ഗോളുകള്‍ ഡി ബ്രൂയ്‌നെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 177 അസിസ്റ്റുകളും താരം ക്ലബ്ബിനായി നേടിയിട്ടുണ്ട്. സിറ്റിയിലെ തന്റെ പത്ത് ഷത്തോളം നീണ്ടുനിന്ന കരിയറിന് ഈ സീസണോടെ വിരാമമിടുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.

Content  Highlight: Football: Pep Guardiola Selects Kevin De Bruyne as best  passer after Lionel Messi