മെസി vs റൊണാള്‍ഡോ: ഞാന്‍ ഈ ഇതിഹാസത്തിന്റെ ആരാധകന്‍, പക്ഷേ... തുറന്ന് പറഞ്ഞ് റാഷ്ഫോര്‍ഡ്
Sports News
മെസി vs റൊണാള്‍ഡോ: ഞാന്‍ ഈ ഇതിഹാസത്തിന്റെ ആരാധകന്‍, പക്ഷേ... തുറന്ന് പറഞ്ഞ് റാഷ്ഫോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th May 2025, 5:45 pm

ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഒരിക്കലും കളം വിടാത്ത രണ്ട് പേരുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അതുപോലെ ഇരുവരില്‍ ആരാണ് മികച്ചതെന്ന ചോദ്യവും എക്കാലവും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ്. അതോടൊപ്പം ആരാധകരെ ഇരു ചേരികളിലാക്കാനും ഈ ചോദ്യത്തിന് ശക്തിയുണ്ട്.

ഇരുവരും യൂറോപ്പ് വിട്ട് മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടും ആരാധകരുടെ പ്രിയ താരങ്ങളും പ്രിയ ചര്‍ച്ചാ വിഷയവും ഇതുതന്നെയാണ്. മെസിയും റോണോയും നിലവിലെ ക്ലബ്ബുകള്‍ വിട്ടേക്കുന്ന അഭ്യൂഹങ്ങളും വീണ്ടും ഇരുതാരങ്ങളെയും ഈ ചോദ്യവും മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഒരു വീഡിയോ. 2018ലെ താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മെസി, റൊണാള്‍ഡോ എന്നീ ഇതിഹാസങ്ങളില്‍ ആരാണ് മികച്ചതെന്ന് തെരഞ്ഞെടുക്കുകയാണ് റാഷ്ഫോര്‍ഡ്. ലയണല്‍ മെസിയെയാണ് ആസ്റ്റണ്‍ വില്ല താരം ഇരുവരിലും മികച്ചതായി തെരഞ്ഞെടുത്തത്.

താന്‍ ഒരു റൊണാള്‍ഡോ ആരാധകന്‍ ആണെന്നും റാഷ്ഫോര്‍ഡ് വീഡിയോയില്‍ പറയുന്നുണ്ട്. സി.എന്‍.എന്നില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ക്കസ് റാഷ്ഫോര്‍ഡ്.

‘അദ്ദേഹം ചെയ്യുന്ന ചില കാര്യങ്ങള്‍ അവിശ്വസനീയമാണ്. ഞാനും (ക്രിസ്റ്റ്യാനോ) റൊണാള്‍ഡോയുടെ വലിയ ആരാധകനാണ്, പക്ഷേ മെസി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു,’ റാഷ്ഫോര്‍ഡ് പറഞ്ഞു.

റാഷ്ഫോര്‍ഡ് ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിട്ടുണ്ട്. റോണോയുടെ യൂണൈറ്റഡിലേക്കുള്ള രണ്ടാം വരവിലായിരുന്നു ഇംഗ്ലണ്ട് താരം പോര്‍ച്ചുഗല്‍ ഇതിഹാസവുമായി ഒന്നിച്ച് പിച്ച് പങ്കിട്ടത്.

നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ താരമാണ്. 2023ലാണ് റോണോ യൂറോപ്പ് വിട്ട് അല്‍ നസറിലേക്ക് ചേക്കേറുന്നത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബിനായി 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താന്‍ അല്‍ നസര്‍ വിടുന്നുവെന്ന സൂചന നല്‍കി റൊണാള്‍ഡോ സോഷ്യല്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, മെസി എം.എല്‍.എസ് ക്ലബായ ഇന്റര്‍ മയാമി താരമാണ്. 2023 മയാമിയില്‍ അരങ്ങേറിയ അര്‍ജന്റൈന്‍ താരം 57 മത്സരങ്ങളില്‍ നിന്ന് 45 ഗോളുകള്‍ നേടിയിട്ടുണ്ട്. ഒപ്പം ടീമിനായി 20 അസിസ്റ്റുകളും താരം സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.

Content Highlight: Football: Marcus Rashford selects Lionel Messi ahead of  Cristiano Ronaldo as greatest footballer