മെസി എക്കാലത്തെയും മികച്ച ഫുട്ബോളർ, അവനെ ഒറ്റക്ക് ഒരാൾക്കും തടയാനാവില്ല; തുറന്ന് പറഞ്ഞ് പി.എസ്‌.ജി പരിശീലകൻ
Sports News
മെസി എക്കാലത്തെയും മികച്ച ഫുട്ബോളർ, അവനെ ഒറ്റക്ക് ഒരാൾക്കും തടയാനാവില്ല; തുറന്ന് പറഞ്ഞ് പി.എസ്‌.ജി പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th June 2025, 7:37 pm

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഇന്റർ മയാമിയും യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്‌.ജിയുമാണ് ഇന്ന് നോക്ക്ഔട്ടിൽ ഏറ്റുമുട്ടുന്നത്. സൂപ്പര്‍ 16ലെ പോരാട്ടത്തിൽ മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് ഇരുവരും നേർക്കുനേർ എത്തുന്നത്.

ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് ഇന്റർ മയാമി അവസാന 16ൽ ഇടം പിടിച്ചത്. എന്നാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പി.എസ്‌.ജി മെസിയുടെ സംഘത്തെ നേരിടാൻ ഒരുങ്ങുന്നത്. മെസി തന്റെ പഴയ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും ഇറങ്ങുമ്പോൾ താരം തന്നെയായിരിക്കും മത്സരത്തിലെ ശ്രദ്ധ കേന്ദ്രം.

ഇപ്പോൾ മത്സരത്തിന് മുന്നോടിയായി മെസിയെ കുറിച്ച് സംസാരിക്കുകയാണ് പി. എസ്‌.ജി പരിശീലകൻ ലൂയിസ് എൻറിക്വ്. മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളറെന്നും 10 – 15 വർഷത്തോളമായി താരം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന മികച്ച നിലവാരത്തിൽ കളിക്കുന്ന താരത്തെ ഒരിക്കലും വില കുറച്ച് കാണാവുന്നില്ലെന്നും പി.എസ്‌.ജി പരിശീലകൻ കൂട്ടിച്ചേർത്തു.

‘സംശയമേതുമില്ല, എനിക്ക് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളർ. 10 – 15 വർഷത്തോളമായി അദ്ദേഹം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ നീണ്ട കരിയർ അദ്ദേഹത്തെ ചരിത്രത്തിലെ മികച്ച താരമാകുന്നു. ഓരോ മൂന്ന് ദിവസത്തിലും ഉയർന്ന നിലവാരത്തിൽ അദ്ദേഹം ഫുട്ബോൾ കളിക്കുന്നുവെന്നത് വില കുറച്ച് കാണാൻ സാധിക്കില്ല. അത് വളരെ ശ്രദ്ധേയമാണ്,’ എൻറിക്വ് പറഞ്ഞു.

മത്സരത്തിൽ  പി.എസ്‌.ജി എങ്ങനെ മെസിയെ നേരിടുമെന്നതിനെ കുറിച്ചും എൻറിക്വ് സംസാരിച്ചു. മെസി പരിശീലനത്തിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതെന്ന് താൻ കണ്ടിട്ടുണ്ടെന്നും ഒരാൾക്കും ഒറ്റക്ക് അവനെ തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമെന്ന നിലയിൽ ഞങ്ങൾ മെസിയെ ഒരുമിച്ച് നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘മെസി പരിശീലനത്തിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവ അവിശ്വസനീയവും അസാധ്യവുമായിരുന്നു. ഒരു കളിക്കാരനെ കൊണ്ട് മാത്രം നിങ്ങൾക്ക് അവനെ തടയാൻ കഴിയില്ല. അങ്ങനെ ശ്രമിച്ചാൽ നിങ്ങൾ പരാജയപ്പെടും. ഒരു ടീമെന്ന നിലയിൽ നമ്മൾ ഒന്നിച്ച് അവനെ പ്രതിരോധിക്കേണ്ടതുണ്ട്.

എല്ലാവരും പ്രതിരോധിക്കാനും പന്ത് പാസ് ചെയ്യാനും തയ്യാറാകണം. കൂടാതെ, ഓരോരുത്തരും പന്ത് തങ്ങളുടെ വരുത്തി നിർത്തേണ്ടതുണ്ട്. ടീമെന്ന നിലയിൽ ഞങ്ങൾ അവനെ ഒരുമിച്ച് നേരിടും. മെസി നന്നായി ഡ്രിബിൾ ചെയ്യുന്ന താരമാണെന്ന് ഞങ്ങൾക്കറിയാം,’ എൻറിക്വ് പറഞ്ഞു.

Content Highlight: Football: Luis Enrique says Lionel Messi is the best footballer in the history ahead of Inter Miami vs PSG in the Club World Cup