ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വേൾഡ് കപ്പിൽ കളിക്കുന്ന ടീമുകളുടെ ഓഫറുകൾ നിരസിച്ചത് നല്ല തീരുമാനമാണെന്ന് തുറന്ന് പറയുകയാണ് മുൻ ഫ്രഞ്ച് താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായിരുന്ന ലൂയിസ് സാഹ. അൽ നസറുമായി കഴിഞ്ഞ ദിവസമാണ് പോർച്ചുഗൽ താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ പുതുക്കിയത്.
രണ്ട് വർഷത്തേക്കാണ് റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ നീട്ടിയത്. ഇതോടെ 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും. ക്ലബ് വേൾഡ് കപ്പിൽ കളിക്കുന്ന ടീമുകളിൽ നിന്നും ഓഫറുകളുണ്ടായിരുന്നെങ്കിലും അവയൊക്കെ താരം നിരസിക്കുകയായിരുന്നു. കരാർ പുതുക്കിയതിന് പിന്നാലെ 2026 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താൻ ആ ടീമുകളെ ഓഫറുകൾ നിരസിച്ചതെന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
താരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സാഹ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ടീമുമായി കരാർ പുതുക്കിയതോടെ ക്രിസ്റ്റ്യാനോ തന്റെ ശ്രദ്ധ അടുത്ത ലോകകപ്പിൽ മികച്ച പ്രകടനം നടത്തുന്നതിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. റോണോ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചുവെന്നും ഇപ്പോഴും താനൊരു ഒരു മികച്ച കളിക്കാരനാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഫ്രഞ്ച് സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു.
‘ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തതായി എന്ത് ചെയ്യുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇപ്പോഴും അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അൽ നസറിലൂടെയും പോർച്ചുഗലിലൂടെയും അദ്ദേഹം അത് തെളിയിക്കുന്നു. പോർച്ചുഗലിനൊപ്പം നേഷൻസ് ലീഗ് ജയിക്കുന്നത് കാണുന്നത് അതിശയകരമായിരുന്നു.
റോണോ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോൾ അടുത്ത ലോകകപ്പിലാണ്. അദ്ദേഹത്തെ അവിടെ കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ക്ലബ് ലോകകപ്പിൽ കളിക്കാതിരിക്കുന്നത് ഒരു മികച്ച തീരുമാനമായിരുന്നു. അദ്ദേഹത്തെപ്പോലുള്ള പ്രധാനപ്പെട്ട ഒരു കളിക്കാരൻ അവിടെ കളിക്കുന്നത് വളരെ അപകടകരമാണ്.
ലോകകപ്പിൽ കളിക്കാൻ അദ്ദേഹം സ്വയം പരിപാലിച്ചതും വിശ്രമമെടുത്തതും നല്ലതാണ്. റൊണാൾഡോ ഇപ്പോഴും മികച്ച രീതിയിലാണ് കളിക്കുന്നത്. ലോകകപ്പിൽ അദ്ദേഹം ഫിറ്റും കോമ്പിറ്റേറ്റീവുമായിരിക്കും,’ സാഹ പറഞ്ഞു.
Content Highlight: Football: Louis Saha says that Cristiano Ronaldo made the right call not playing in the Club World Cup