ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വേൾഡ് കപ്പിൽ കളിക്കുന്ന ടീമുകളുടെ ഓഫറുകൾ നിരസിച്ചത് നല്ല തീരുമാനമാണെന്ന് തുറന്ന് പറയുകയാണ് മുൻ ഫ്രഞ്ച് താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായിരുന്ന ലൂയിസ് സാഹ. അൽ നസറുമായി കഴിഞ്ഞ ദിവസമാണ് പോർച്ചുഗൽ താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ പുതുക്കിയത്.
രണ്ട് വർഷത്തേക്കാണ് റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ നീട്ടിയത്. ഇതോടെ 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും. ക്ലബ് വേൾഡ് കപ്പിൽ കളിക്കുന്ന ടീമുകളിൽ നിന്നും ഓഫറുകളുണ്ടായിരുന്നെങ്കിലും അവയൊക്കെ താരം നിരസിക്കുകയായിരുന്നു. കരാർ പുതുക്കിയതിന് പിന്നാലെ 2026 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താൻ ആ ടീമുകളെ ഓഫറുകൾ നിരസിച്ചതെന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
താരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സാഹ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ടീമുമായി കരാർ പുതുക്കിയതോടെ ക്രിസ്റ്റ്യാനോ തന്റെ ശ്രദ്ധ അടുത്ത ലോകകപ്പിൽ മികച്ച പ്രകടനം നടത്തുന്നതിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. റോണോ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചുവെന്നും ഇപ്പോഴും താനൊരു ഒരു മികച്ച കളിക്കാരനാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഫ്രഞ്ച് സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു.



