എതിരാളികളെ തകര്‍ത്ത എണ്ണം പറഞ്ഞ ഗോളുകള്‍; ലീഗ് കിരീടത്തിന് പുറമെ അപൂര്‍വ ഹാട്രിക്കും തൂക്കി സല
Sports News
എതിരാളികളെ തകര്‍ത്ത എണ്ണം പറഞ്ഞ ഗോളുകള്‍; ലീഗ് കിരീടത്തിന് പുറമെ അപൂര്‍വ ഹാട്രിക്കും തൂക്കി സല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 12:42 pm

പ്രീമിയര്‍ ലീഗ് കിരീടത്തിന് പുറമെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്ക് ഇരട്ട മധുരം സമ്മാനിച്ച് ഗോള്‍ഡന്‍ ബൂട്ടും പ്ലേ മേക്കര്‍ അവാര്‍ഡും. കൂടാതെ, ഫുട്‌ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ പ്ലെയര്‍ ഓഫ് ദി സീസണായി താരത്തിനെ കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുത്തിരുന്നു. ഇതോടെ ഒരു സീസണില്‍ ഒരുമിച്ച് മൂന്ന് അവാര്‍ഡുകളും നേടുന്ന ആദ്യ താരമായി സല മാറി.

ഈ സീസണില്‍ ലിവര്‍പൂളിനായി 29 ഗോളുകള്‍ വലയില്‍ എത്തിച്ചാണ് ഗോള്‍ഡന്‍ ബൂട്ട് സല നേടിയെടുത്തത്. ഗോള്‍ വേട്ടക്കാരില്‍ രണ്ടാമതുള്ള ന്യൂകാസ്റ്റില്‍ താരം അലക്‌സാണ്ടര്‍ ഐസക്കിനേക്കാള്‍ ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്താണ് ലിവര്‍പൂള്‍ താരം അവാര്‍ഡ് കരസ്ഥമാക്കിയത്.

ഇത് നാലാം തവണയാണ് പ്രീമിയര്‍ ലീഗില്‍ സല ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത്. ഇതോടെ ആഴ്സനല്‍ ഇതിഹാസം തിയറി ഹെന്റിയുടെ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന താരമെന്ന റെക്കോഡിനൊപ്പം എത്താനും താരത്തിനായി.

പ്രീമിയര്‍ ലീഗില്‍ 38 മത്സരങ്ങളില്‍ 18 അസിസ്റ്റുകള്‍ നല്‍കിയാണ് പ്ലേ മേക്കര്‍ അവാര്‍ഡും സല സ്വന്തം അക്കൗണ്ടിലാക്കിയത്. രണ്ടാം സ്ഥാനക്കാരനായ ന്യൂകാസ്റ്റില്‍ താരം ജേക്കബ് മര്‍ഫിയെക്കാള്‍ ആറ് അസിസ്റ്റുകളാണ് ഈജിപ്ഷ്യന്‍ താരം സൃഷ്ടിച്ചത്.

ഇത് ആദ്യമായല്ല സല ഇരു അവാര്‍ഡുകളും സ്വന്തം കീശയിലെത്തിക്കുന്നത്. 2021 – 22 സീസണിലും 32കാരന്‍ ഒരുമിച്ച് ഇരു അവാര്‍ഡുകളും നേടിയിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ സല രണ്ട് വ്യത്യസ്ത സീസണുകളില്‍ ഈ അവാര്‍ഡുകള്‍ നേടുന്ന ആദ്യ താരമാകുകയും ചെയ്തു. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരമായ ഹാരി കെയ്നാണ് ഇരു അവാര്‍ഡുകളും ഒരുമിച്ച് നേടിയ മറ്റൊരു താരം. 2020 – 21 സീസണിലാണ് ഹാരി ഈ നേട്ടത്തിലെത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂളും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മത്സരമായിരുന്നു പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ അവസാന അങ്കം. ഈ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.

ദി റെഡ്സിന്റെ ഏക ഗോള്‍ നേടിയത് സലയായിരുന്നു. അതോടെ സീസണില്‍ 47 ഗോള്‍ കോണ്ട്രിബൂഷന്‍ നല്‍കാനും താരത്തിനായി. ഇതോടെ ഒരു പ്രീമിയര്‍ ലീഗില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവനകള്‍ എന്ന അലന്‍ ഷിയറര്‍ (1994-95), കോള്‍ (1993-94) എന്നിവരുടെ നേട്ടത്തിനൊപ്പവും സലയെത്തി.

Content Highlight: Football: Liverpool Forward Mohammed Salah Bagged Golden Boot and Play Maker Award in English  Premier League