ഞങ്ങൾ സുഹൃത്തുക്കളല്ല, രണ്ട് സാധാരണക്കാർ മാത്രം; റൊണാൾഡോയെ കുറിച്ച് മെസി പറഞ്ഞത്
Sports News
ഞങ്ങൾ സുഹൃത്തുക്കളല്ല, രണ്ട് സാധാരണക്കാർ മാത്രം; റൊണാൾഡോയെ കുറിച്ച് മെസി പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st June 2025, 4:20 pm

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പുതിയ താരങ്ങൾ സ്പോട്ട്ലൈറ്റിലെത്തിയിട്ടും ഇരുവരും യൂറോപ്പ് വിട്ടിട്ടും ഫുട്ബോൾ ആരാധകരുടെ ചർച്ചകളിൽ സജീവമാണ് ഈ രണ്ട് പേരുകൾ.

തലമുറ മാറ്റമുണ്ടായിട്ടും മെസിയും റോണോയും തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ടവര്‍ എന്നാണ് ഇത് തെളിയിക്കുന്നത്. ഇരുവരെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ കടന്നുപോകുന്നത് വളരെ വിരളമാണ്. ഇവരില്‍ മികച്ച താരമാര് എന്ന ചോദ്യം ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ഇരു ചേരിയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളതാണ്.

ക്ലബ് വേൾഡ് കപ്പും യുവേഫ നേഷൻസ് ലീഗും ഇരുവരെയും വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക് മെസിയോട് പ്രത്യേക ഇഷ്ടമുണ്ടെന്നും താരം ഇപ്പോഴും തന്നോട് നന്നായി പെരുമാറുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും റൊണാൾഡോ പറഞ്ഞിരുന്നു.

ഇപ്പോൾ റൊണാൾഡോയെ കുറിച്ച് സംസാരിക്കുകയാണ് അർജന്റൈൻ താരം ലയണൽ മെസി. ക്രിസ്റ്റ്യാനോ റൊണാൾഡോയോടും അദ്ദേഹത്തിന്റെ കരിയറിനോടും തനിക്ക് വളരെയധികം ബഹുമാനവും ആരാധനയുമുണ്ടെന്നും തങ്ങൾ തമ്മിലുള്ള മത്സരമെല്ലാം കളിക്കളത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് സമയം ചെലവഴിച്ചിട്ടില്ലെന്നതിനാൽ താനും ക്രിസ്റ്റ്യാനോയും സുഹൃത്തുക്കളല്ലെന്നും എന്നാൽ തങ്ങൾ എല്ലായ്പ്പോഴും പരസ്പരം വളരെയധികം ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും അർജന്റൈൻ താരം കൂട്ടിച്ചേർത്തു. ഡിസ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ലയണൽ മെസി.

‘ക്രിസ്റ്റ്യാനോ റൊണാൾഡോയോടും അദ്ദേഹത്തിന്റെ കരിയറിനോടും എനിക്ക് വളരെയധികം ബഹുമാനവും ആരാധനയുമുണ്ട്. കാരണം അദ്ദേഹം ഇപ്പോഴും ഉയർന്ന നിലവാരമുള്ള ഫുട്ബോളാണ് കളിക്കുന്നത്.

ഞങ്ങൾ തമ്മിലുള്ള മത്സരമെല്ലാം കളിക്കളത്തിലായിരുന്നു. ഞങ്ങളുടെ ടീമിനായി പരമാവധി ചെയ്യാനാണ് ഞങ്ങൾ ഇരുവരും ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ എല്ലാം പിച്ചിലായിരുന്നു.

കളിക്കളത്തിന് പുറത്ത്, ഞങ്ങൾ രണ്ട് സാധാരണക്കാർ മാത്രമാണ്. ഒരുമിച്ച് സമയം ചെലവഴിച്ചിട്ടില്ലെന്നതിനാൽ ഞങ്ങൾ സുഹൃത്തുക്കളല്ല. പക്ഷേ, ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം വളരെയധികം ബഹുമാനത്തോടെയാണ് പെരുമാറിയത്,’ മെസി പറഞ്ഞു.

Content Highlight: Football: Lionel Messi talks about Cristiano Ronaldo