ലോക ചാമ്പ്യന്മാരായ അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ മെസിയും സംഘവും എത്തുമെന്ന് കഴിഞ്ഞ നവംബറില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. ഒരു മത്സരം കൊച്ചിയിലാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മന്ത്രി തങ്ങളുടെ ഇഷ്ട ടീം കേരളത്തിലെത്തുമെന്ന് സ്ഥീകരിച്ചതോടെ അര്‍ജന്റീന ആരാധകര്‍ വളരെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഇതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ 100 കോടി ചെലവ് വരുമെന്ന് കായിക മന്ത്രി അറിയിച്ചിരുന്നു. സ്‌പോണ്‍സര്‍മാര്‍ക്ക് ഇത് സമാഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് അര്‍ജന്റീന കേരളത്തിലെത്തുന്നത് റദ്ധാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) ഒരു വിഭാഗത്തിനാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയിരുന്നത്. അവര്‍ ‘ഒലോപ്പോ’ ആപ്പ് വഴിയുള്ള വില്‍പ്പനയിലൂടെ ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ പദ്ധതിയിട്ടത്. നിശ്ചിത സമയത്തിനുള്ളില്‍ മത്സരത്തിനാവശ്യമായ തുക സമാഹരിക്കാന്‍ കഴിയാതെ വരികയായിരുന്നുവെന്നും അര്‍ജന്റീന ഇതര ഓപ്ഷനുകള്‍ തേടാന്‍ തുടങ്ങിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, അര്‍ജന്റീനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗാസ്റ്റണ്‍ എഡുള്‍ കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്‍മാരുടെ ഈ വര്‍ഷത്തെ മത്സരത്തിന്റെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ എക്‌സിലൂടെയാണ് എഡുള്‍ ടീമിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. ഇതിനെ അടിസ്ഥാനമാക്കി അര്‍ജന്റീനാ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.
അര്‍ജന്റീനിയന്‍ ദേശീയ ടീം ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങളും അംഗോളയിലും ഖത്തറിലും ഓരോ മത്സരവും കളിക്കുമെന്നാണ് എക്‌സ് പോസ്റ്റിലുള്ളത്. ഷെഡ്യൂള്‍ പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നു. അര്‍ജന്റീന ടീമും ഔദ്യോഗികമായി ഇത് സ്ഥീകരിച്ചിട്ടില്ല.
Content Highlight: Football: Lionel Messi’s trip to play friendly in Kerala canceled after organizers fail to raise 100 crore: Reports