യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത് പോർച്ചുഗൽ കിരീടമുയർത്തിയിരുന്നു. നിശ്ചിത സമയത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പറങ്കിപ്പട ജേതാക്കളായത്. ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ 5-3ന് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്.
നേഷന്‍സ് ലീഗ് ചരിത്രത്തില്‍ പറങ്കിപ്പടയുടെ രണ്ടാം കിരീടമാണിത്. ഇതോടെ ഒന്നിലധികം തവണ നേഷന്‍സ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും സ്വന്തമാക്കിയിരുന്നു.
അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയിരുന്നു. 2-1 എന്ന നിലയിൽ പിന്നിൽ നിന്ന പറങ്കിപടക്കായി 61ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് നിർണായക സമനില പിടിച്ചത് റോണോയുടെ ഗോളായിരുന്നു. പോർച്ചുഗലിന്റെ കിരീടധാരണത്തിൽ ഈ ഗോൾ വലിയ പങ്ക് വഹിച്ചിരുന്നു.
ഇപ്പോൾ താരത്തെ കുറിച്ച് സംസാരിക്കുകയാണ് ഐറിഷ് ഫുട്ബോൾ പരിശീലകനായ റോബി കീൻ. വിമർശനങ്ങളെ ഒട്ടും പരിഗണിക്കാതെ പ്രകടനം നടത്താൻ കഴിയുന്ന ഏക താരമാണ് ക്രിസ്റ്റ്യാനോ എന്ന് അദ്ദേഹം പറഞ്ഞു.
‘എല്ലാ വിമർശനങ്ങൾക്കും അതീതമായി പ്രകടനം നടത്താൻ കഴിയുന്ന ഒരു കളിക്കാരനുണ്ടെങ്കിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്,’ കീൻ പറഞ്ഞു.
റൊണാള്‍ഡോയുടെ കരിയറിലെ 36ാം ട്രോഫിയാണിത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം മൂന്ന് കരീടം സ്വന്തമാക്കിയ താരം വിവിധ ക്ലബ്ബുകള്‍ക്കൊപ്പമാണ് ശേഷിച്ച ടൈറ്റിലുകള്‍ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത് (16 എണ്ണം).
രണ്ട് ലാലിഗ കിരീടം, രണ്ട് കോപ്പ ഡെല്‍ റേ, രണ്ട് സൂപ്പര്‍ കോപ്പ ഡി എസ്പാന, നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയാണ് ലോസ് ബ്ലാങ്കോസ് ജേഴ്സിയില്‍ റോണോ സ്വന്തമാക്കിയത്. മാത്രമല്ല പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് റോണോ കുതിക്കുന്നത്. ഇതുവരെ 138 ഗോളുകളാണ് പറങ്കികള്‍ക്കായി താരം നേടിയത്.
കൂടാതെ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോള്‍ നേടുന്ന താരവും റോണോ തന്നെയാണ്. 937 ഗോളുകളാണ് താരം നിലവില്‍ നേടിയത്. 1000 കരിയര്‍ ഗോള്‍ എന്ന ഇതിഹാസ നേട്ടത്തിലേക്കാണ് താരം ഉന്നമിടുന്നത്.
Content Highlight: Football: Irish Coach Robbie Keane talks about Cristiano Ronaldo