ഫുട്ബോളിലെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ലോക ഫുട്‌ബോളില്‍ തലമുറ മാറ്റമുണ്ടായിട്ടും പുതിയ താരങ്ങള്‍ പ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടും ഇരുവരും തന്നെയാണ് ഇന്നും ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ഇവരെ കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ വളരെ വിരളമാണ്.
ഇവരില്‍ മികച്ച താരമാര് എന്നതാണ് ഇപ്പോഴും ഫുട്‌ബോള്‍ ലോകത്തെ ഇരു ധ്രുവങ്ങളില്‍ നിര്‍ത്തുന്നത്. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.
ഏതൊരു പ്രൊഫഷണല്‍ ഫുട്‌ബോളറും തന്റെ കരിയറില്‍ ഒരിക്കലെങ്കിലും മെസിയോ റോണാള്‍ഡോയോ? ആരാണ് മികച്ചത് എന്ന ചോദ്യം നേരിട്ടുണ്ടാകും. നിലവിലുള്ളവര്‍ മാത്രമല്ല, ഇതിഹാസ താരങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ മെസി – റൊണാള്‍ഡോ ഗോട്ട് ഡിബേറ്റിന്റെ ഭാഗമാവുകയാണ് മുന്‍ റയല്‍ മാഡ്രിഡ് മാനേജര്‍ ഫാബിയോ കാപ്പെല്ലോ. റൊണാള്‍ഡോ മറ്റാരെക്കാളും കൂടുതല്‍ ഗോളുകള്‍ നേടിയ അവിശ്വസനീയമായ കളിക്കാരാണെങ്കിലും അദ്ദേഹം മെസിയോ മറഡോണയോ അല്ലെന്നും മുൻ റയൽ പരിശീലകൻ പറഞ്ഞു. ബാഴ്‌സ യൂണിവേഴ്‌സലില്‍ സംസാരിക്കുകയായിരുന്നു ഫാബിയോ കാപ്പെല്ലോ.
‘ഞാന്‍ സ്റ്റാറ്റസിനെ കുറിച്ചല്ല സംസാരിക്കുന്നത്. ഞാന്‍ പ്രതിഭയെയും ശുദ്ധമായ ഗുണനിലവാരത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. റൊണാള്‍ഡോ മറ്റാരെക്കാളും കൂടുതല്‍ ഗോളുകള്‍ നേടിയ അവിശ്വസനീയമായ കളിക്കാരനാണ്. പക്ഷേ അദ്ദേഹം മെസിയോ മറഡോണയോ അല്ല,’ കാപ്പെല്ലോ പറഞ്ഞു.
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറില്‍ ബാഴ്‌സ യുവ താരം ലാമിന്‍ യമാലിനെ പിന്തുണക്കുന്നുവെന്നും കാപ്പെല്ലോ പറഞ്ഞു.
‘ബാലണ്‍ ഡി ഓറിന് ഞാന്‍ ലാമിന്‍ യമലിനു വോട്ട് ചെയ്യും. എന്റെ വോട്ടുകള്‍ വിനീഷ്യസ്, എംബാപ്പെ, ആദ്യം ലാമിന്‍ യമാല്‍ എന്നിവരായിരിക്കും,’ കാപ്പെല്ലോ പറഞ്ഞു.
Content Highlight: Football: Former Real Madrid coach Fabio Capello joins Lionel Messi vs Cristiano Ronaldo GOAT debate