കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങള്‍ കൊണ്ട്ഫുട്ബോള്‍ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കൗമാരക്കാനാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. ബാഴ്സലോണ ലാ മാസിയയിലൂടെ വളര്‍ത്തിയെടുത്ത ലാ റോജയുടെ കുട്ടിപ്പടയാളി ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്ബോളറാണ്.
17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം താരം ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കളി ശൈലി കൊണ്ടും മൈതാനത്ത് കാണിക്കുന്ന മികവ് കൊണ്ടും വലിയ പ്രശംസകള്‍ താരം ഏറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ ബാഴ്സലോണയുടെ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് ഈ കൗമാര താരം.
ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളറും ഇന്റര്‍ മയാമിയുടെ സഹ ഉടമയുമായ ഡേവിഡ് ബെക്കാം. വെറും 17 വയസുള്ളപ്പോള്‍ യമാല്‍ കളിക്കുന്ന രീതി ശ്രദ്ധേയമാണെന്നും അദ്ദേഹത്തെപ്പോലുള്ള കളിക്കാര്‍ 20 അല്ലെങ്കില്‍ 30 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ലോകത്തേക്ക് വരാറുള്ളൂവെന്നും ബെക്കാം പറഞ്ഞു.
യമാല്‍ മെസിയുമായി അടുത്ത നില്‍ക്കുന്ന ഒരാളാണെന്നും ഒരിക്കല്‍ ലിയോയുടെ നിലവാരത്തിലെത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെക്കാം ആന്‍ഡ് ഫ്രണ്ട്‌സില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് ബെക്കാം.
‘വെറും 17 വയസുള്ളപ്പോള്‍ യമാല്‍ കളിക്കുന്ന രീതി ശ്രദ്ധേയമാണ്. അദ്ദേഹത്തെപ്പോലുള്ള കളിക്കാര്‍ 20 അല്ലെങ്കില്‍ 30 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ലോകത്തേക്ക് വരാറുള്ളൂ.
നമുക്ക് എല്ലാവരെയും മെസിയുമായി താരതമ്യപ്പെടുത്താനാവില്ല. യമാല്‍ മെസിയുമായി അടുത്ത നില്‍ക്കുന്ന ഒരാളാണ്. ഒരു ദിവസം, ലിയോയുടെ നിലവാരത്തിലെത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ബെക്കാം പറഞ്ഞു
ബാഴ്‌സസലോണക്കായി ഈ സീസണില്‍ മിന്നും പ്രകടനമാണ് യമാല്‍ കാഴ്ച വെക്കുന്നത്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ടീമിന്റെ വിജയങ്ങളില്‍ യമാല്‍ നിര്‍ണായകമായ സാന്നിധ്യമായിരുന്നു. 51 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 24 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
Content Highlight: Football: David Beckham says Lamine Yamal can be as good as Lionel Messi