അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ളതിനാലാണ് ക്ലബ്ബുമായി കരാർ പുതുക്കിയത്; തുറന്നുപറഞ്ഞ് റൊണാൾഡോ
Sports News
അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ളതിനാലാണ് ക്ലബ്ബുമായി കരാർ പുതുക്കിയത്; തുറന്നുപറഞ്ഞ് റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th June 2025, 9:05 pm

ലോക ഫുട്ബോളിലെ അതികായനായ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം തന്റെ നിലവിലെ ക്ലബായ അല്‍ നസറുമായി കരാർ പുതുക്കിയിരുന്നു. രണ്ട് വർഷത്തേക്കാണ് താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ നീട്ടിയത്. ഇതോടെ 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും.

ജൂണ്‍ 30ന് ക്ലബ്ബുമായുള്ള കരാര്‍ കഴിയുന്നതോടെ പോര്‍ച്ചുഗീസ് വമ്പന്‍ അൽ നസർ വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ‘ഈ അധ്യായം അവസാനിച്ചു’ എന്ന അടിക്കുറിപ്പോടെ റൊണാള്‍ഡോ ഒരു പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ ഊഹാപോഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

എന്നാൽ ഇവയ്ക്ക് വിരാമമിട്ടാണ് റൊണാൾഡോയും അൽ നസറും കരാർ പുതുക്കിയത് അറിയിച്ചത്. 2027 എന്ന് എഴുതിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി ചിത്രം പങ്കുവെച്ച് ‘കഥ തുടരും’ എന്ന അടിക്കുറിപ്പോടെ അല്‍ നസര്‍ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റൊണാള്‍ഡോയും തന്റെ എക്‌സില്‍ നസറുമായിട്ടുള്ള പുതിയ കരാറിന്റെ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇപ്പോൾ താൻ എന്തുകൊണ്ടാണ് ടീമുമായി കരാർ പുതുക്കിയതെന്ന് വെളിപ്പെടുത്തുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസറിന് വേണ്ടി പ്രധാനപ്പെട്ട ട്രോഫികൾ നേടുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും സൗദി അറേബ്യയിൽ താനൊരു ചാമ്പ്യനാകുമെന്ന് ഉറപ്പുള്ളതിനാലാണ് രണ്ട് വർഷത്തേക്ക് കരാർ നീട്ടിയതെന്നും താരം പറഞ്ഞു.

സൗദി പ്രോ ലീഗ് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാണ് എന്ന താരം അഭിപ്രായപ്പെട്ടു. ലീഗ് വളരെ മത്സരാത്മകമാണെന്നതിൽ ഞാൻ സന്തോഷവാനാണെന്നും ഇത് മികച്ചതല്ലെന്ന് പറയുന്നവർക്ക് സൗദിയിൽ ഒരിക്കലും കളിക്കാത്തവരാണെന്നും പോർച്ചുഗൽ ഇതിഹാസം കൂട്ടിച്ചേർത്തു.

‘എല്ലായ്‌പ്പോഴും അൽ നസറിന് വേണ്ടി പ്രധാനപ്പെട്ട ട്രോഫികൾ നേടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. തീർച്ചയായും അതിന് സാധിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സൗദി അറേബ്യയിൽ ഞാനൊരു ചാമ്പ്യനാകുമെന്ന് ഉറപ്പുള്ളതിനാലാണ് രണ്ട് വർഷത്തേക്ക് കരാർ നീട്ടിയത്.

സൗദി പ്രോ ലീഗ് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാണ്. എല്ലാ വർഷവും ഇത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ലീഗ് വളരെ മത്സരാത്മകമാണെന്നതിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ഈ ലീഗ് മികച്ചതല്ലെന്ന് പറയുന്നവരുണ്ട്. അവർ ഇവിടെ ഒരിക്കലും കളിക്കാത്തവരും കളിയുടെ നിലവാരം മനസിലാക്കാത്തവരുമാണ്,’ റൊണാൾഡോ പറഞ്ഞു.

Content Highlight: Football: Cristiano Ronaldo reveals that he renewed contract because he believes that he will be a champion in Saudi Arabia