| Wednesday, 9th July 2025, 3:20 pm

പുതിയ കരാറോടെ റൊണാള്‍ഡോ മികച്ച ഫുട്‌ബോളില്‍ നിന്ന് പുറത്തായി: പെറ്റിറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളിലെ അതികായന്മാരിലെ ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്തിടെ താരം തന്റെ നിലവിലെ ക്ലബ്ബായ അല്‍ നസറുമായി കരാര്‍ പുതുക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാര്‍ നീട്ടിയത്. ഇതോടെ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും. 2022ലാണ് താരം യൂറോപ്പ് വിട്ട് സൗദി ലീഗിലേക്ക് ചേക്കേറിയത്.

ക്ലബ് വേള്‍ഡ് കപ്പില്‍ കളിക്കുന്ന ടീമുകളില്‍ നിന്നും ഓഫറുകളുണ്ടായിരുന്നെങ്കിലും അവയൊക്കെ താരം നിരസിക്കുകയായിരുന്നു. കരാര്‍ പുതുക്കിയതിന് പിന്നാലെ 2026 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താന്‍ ആ ടീമുകളെ ഓഫറുകള്‍ നിരസിച്ചതെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു.

ഇപ്പോള്‍ താരം അല്‍ നസറുമായി കരാര്‍ പുതുക്കിയതിനെ വിമര്‍ശിക്കുകയാണ് മുന്‍ ബാഴ്സലോണ താരവും ഫ്രഞ്ച് താരവുമായ ഇമ്മാനുവല്‍ പെറ്റിറ്റ്. അല്‍ നസ്റിലെ പുതിയ കരാറോടെ ഏറ്റവും മികച്ച ഫുട്‌ബോളില്‍ നിന്ന് അവന്‍ പുറത്തായിയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ താരം പോര്‍ച്ചുഗലിനായി മികച്ച പ്രകടമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌കേപിസ്റ്റ് മാഗസിനില്‍ സംസാരിക്കുകയായിരുന്നു ഇമ്മാനുവല്‍ പെറ്റിറ്റ്.

‘ഈ കരാറോടെ ഏറ്റവും മികച്ച ഫുട്‌ബോളില്‍ നിന്ന് അവന്‍ പുറത്തായി. അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോയപ്പോള്‍ തന്നെ ഉറപ്പായിരുന്നു. അവിടെ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്ന തുക മറ്റൊരാള്‍ക്കും സ്വപനം കാണാന്‍ കൂടെ കഴിയില്ല.

പക്ഷേ അവന്‍ പോര്‍ച്ചുഗലിനായി മികച്ച പ്രകടമാണ് നടത്തുന്നത്. അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പെറ്റിറ്റ് പറഞ്ഞു.

Content Highlight: Football: Emmanuel Petit says that Cristiano Ronaldo done with highest level of football with new contract with Al Nassr

We use cookies to give you the best possible experience. Learn more