| Tuesday, 19th June 2018, 8:49 am

വയല്‍ നികത്തലിനെതിരെ പരാതി നല്‍കിയ എ.ഐ.വൈ.എഫ് നേതാവിനെതിരെ പത്ത് കോടിയുടെ മാനനഷ്ടകേസുമായി ശ്രീകണ്ഠന്‍ നായര്‍; സാഷ്ടാംഗം പ്രണമിക്കുമെന്ന് കരുതെണ്ടെന്ന് എ.ഐ.വൈ.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംഗീത നിശയുടെ മറവില്‍ വയല്‍ നികത്തിയെന്ന ആരോപണത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. അരുണിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസുമായി ഫളേവേഴ്‌സ് ടി.വി എം.ഡി ശ്രീകണ്ഠന്‍ നായര്‍. അരുണ്‍ തന്നെ അപമാനിച്ചുവെന്നും ദുഷ്പ്രചാരണങ്ങള്‍ നടത്തിയെന്നുമാണ് പരാതി.

എന്നാല്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്നത് വ്യാജപ്രചരണമാണെന്നും ചാനല്‍ പരിപാടിക്കായി വയല്‍ നികത്തിയതിന് നിരവധി തെളിവുകള്‍ കൈവശമുണ്ടെന്നും വ്യക്തമാക്കികൊണ്ട് അരുണ്‍ രംഗത്തെത്തി. ശ്രീകണ്ഠന്‍ നായരുടെ വ്യാജ പ്രചാരണങ്ങളെ നേരിടാന്‍ താനും തന്റെ പ്രസ്ഥാനവും തയ്യാറാണെന്നും അരുണ്‍ പറഞ്ഞു.

പരിപാടി നടത്തുന്നതിനായി വയല്‍ നികത്താന്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നെന്ന് പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍ ഉയര്‍ത്തികാണിച്ച രേഖകള്‍ വ്യാജമാണെന്നും അരുണ്‍ പറഞ്ഞു. ഇത് സംബന്ധിച്ച ചോദ്യത്തിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയില്‍ നല്‍കിയ ഉത്തരങ്ങളും റവന്യുവകുപ്പിന്റെ വിവിധ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്റ്റോപ് മെമ്മോകളും വയല്‍ നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നതിന്റെ തെളിവുകളാണെന്നും അരുണ്‍ വ്യക്തമാക്കി.


Also Read മലബാര്‍ സിമന്റ്‌സ് കേസ് ഫയലുകള്‍ ഹൈക്കോടതിയല്‍ നിന്ന് നഷ്ടപ്പെട്ടു; സംഭവത്തില്‍ ഗൂഢാലോചനയെന്ന് ഹൈക്കോടതി


സ്റ്റോപ് മെമ്മോ നല്‍കിയതിന് ശേഷവും വയല്‍നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ കണയന്നൂര്‍ തഹസില്‍ദാര്‍ തൃപ്പുണിത്തുറ സി.ഐയ്ക്ക് ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്നും രേഖകള്‍ ഉദ്ധരിച്ച് അരുണ്‍ പറഞ്ഞു.

പത്തുകോടിയുടെ മാനനഷ്ടക്കേസ് കൊടുത്താല്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമെന്ന് തോന്നലുണ്ടെങ്കില്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടാല്‍ മതിയെന്നും അരുണ്‍ പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാന്‍ കള്ള രേഖകള്‍ ഉള്‍പ്പെടെ ചമച്ചതിന് നാളെ ശ്രീകണ്ഠന്‍ നായര്‍ മറുപടി പറയേണ്ടിവരുമെന്നും അരുണ്‍ വ്യക്തമാക്കി.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ ശേഷവും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ മെയ് പതിനൊന്നിനാണ് അരുണ്‍ പരാതി നല്‍കിയത്. ഇതിന്റെ രേഖകളും അരുണ്‍ പുറത്ത് വിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more