ജെറുസലേം: ഗസയിലേക്കുള്ള യാത്ര തുടര്‍ന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ മാരിനെറ്റ് കപ്പല്‍. നിലവില്‍ ഗസയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടില്ലയുടെ ഒരേയൊരു കപ്പല്‍ കൂടിയാണ് മാരിനെറ്റ്. പോളിഷ് പതാകയുടെ കീഴിലാണ് മാരിനെറ്റിന്റെ യാത്ര. ആറ് ആക്റ്റിവിസ്റ്റുകളാണ് കപ്പലിനുള്ളിലുള്ളത്.
തങ്ങളും അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചതായി തുര്‍ക്കി ആക്ടിവിസ്റ്റായ സിനാന്‍ മാരിനെറ്റില്‍ നിന്ന് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു.
‘ഇത് വെറുമൊരു കപ്പലല്ല. മാരിനെറ്റ് സുമുദ് ആണ്. ഭയത്തിനും ഉപരോധത്തിനും ക്രൂരതയ്ക്കും മുന്നിലെ നിശ്ചയദാര്‍ഢ്യം,’ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗസ ഒറ്റയ്ക്കല്ലെന്നും ഫലസ്തീനെ മറന്നിട്ടില്ലെന്നും മാരിനെറ്റിനെ തത്സമയം പിന്തുടരണമെന്നും സുമുദ് ഫ്‌ലോട്ടില്ല പറഞ്ഞു.
സ്‌പെയ്ന്‍ നഗരമായ ബാഴ്സലോണയില്‍ നിന്ന് യാത്ര തിരിച്ച 44 ഫ്‌ലോട്ടില്ല കപ്പലുകളില്‍ 21 എണ്ണമാണ് നിലവില്‍ ഇസ്രഈലിന്റെ കസ്റ്റഡിയിലുള്ളത്.
ബാക്കിയുള്ള കപ്പലുകള്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് വിവരം. ഗ്രെറ്റ തെന്‍ബെര്‍ഗ് ഉള്‍പ്പെടെ 443 ആക്റ്റിവിസിറ്റുകള്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ (വ്യാഴം) ഫ്‌ലോട്ടില്ല ദൗത്യം അവസാനിച്ചതായി ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ഫ്‌ലോട്ടില്ല കപ്പലുകളില്‍ ഒന്ന് പോലും ഗസയിലെ നിയപരമായ ഉപരോധം ലംഘിച്ചിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു. കൂടാതെ കസ്റ്റഡിയിലുള്ള ആക്ടിവിസ്റ്റുകള്‍ സുരക്ഷിതരാണെന്നും ഇവരെ നാടുകടത്തുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
ഫ്‌ലോട്ടില്ല കപ്പലുകളെ തടഞ്ഞുവെച്ച നടപടിയില്‍ സ്പെയ്ന്‍, കൊളംബിയ, മലേഷ്യ, ഖത്തര്‍, തുര്‍ക്കി, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രഈലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
ഇറ്റലിയില്‍ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ലോകത്തുടനീളം ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ പിന്തുണച്ചുകൊണ്ടുള്ള ഐക്യദാര്‍ഢ്യ സദസുകളും ഉയര്‍ന്നു.
ഫ്‌ലോട്ടില്ലക്കെതിരായ നടപടി ഇസ്രഈല്‍ കണക്കുകൂട്ടി ചെയ്തതാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇസ്രഈലിന്റേത് ധിക്കാരപരമായ നടപടിയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. നിലവില്‍ ഇസ്രഈല്‍ കസ്റ്റഡിയിലുള്ള 11 ഗ്രീക്ക് ആക്റ്റിവിസ്റ്റുകള്‍ നിരാഹാരസമരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മാണ്ട്‌ല മണ്ടേല, ഗായിക സിസി കിരാന, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസന്‍, മാധ്യമപ്രവര്‍ത്തകന്‍ നെസ്റ്റര്‍ പ്രീറ്റോ, കൊമേഡിയനും ആക്ടിവിസ്റ്റുമായ എനിസ്സ അമാനി അടക്കമുള്ളവരെയാണ് ഇസ്രഈല്‍ അറസ്റ്റ് ചെയ്ത് നീക്കിയത്.
Content Highlight: Flotilla Marinette follows the journey to Gaza