കഴിഞ്ഞ കുറച്ച് ദിവവസങ്ങളായി മലയാളികളുടെ ഇടയില്‍ തിളങ്ങി നില്‍ക്കുന്ന മുഖമാണ് ഹാഷിറിന്റെത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വലിയ രീതിയില്‍ വൈറലായ ഹാഷിര്‍ ഏപ്രില്‍ 2ന് പുറത്തിറങ്ങിയ വാഴ 2വിലൂടെയാണ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ചിത്രം നൂറ്റമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയതോടെ ഒട്ടേറെ ചര്‍ച്ചകളാണ് ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്നത്.

ചിത്രത്തില്‍ ഹാഷിറും നടി ഏയ്ഞ്ചല്‍ മരിയയും. Photo: X.com

അതേസമയം സ്വപ്‌നതുല്ല്യമായ തുടക്കമാണ് ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 2024 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ചെറിയ സീനില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടെങ്കിലും വാഴ 2വിലെ മുഴുനീള റോളുകളിലൂടെ ആരംഭത്തില്‍ തന്നെ കരിയറില്‍ ബഹുദൂരം സഞ്ചരിക്കാനാണ് ഇവര്‍ക്ക് സാധിച്ചിരിക്കുന്നത്. കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്നുമുള്ള പലരും ഹാഷിറിനും ടീമിനും അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഹാഷിറിന്റെ നാട്ടുകാര്‍ താരത്തിന് അഭിനന്ദനമറിയിച്ചുകൊണ്ട് സ്ഥാപിച്ച ഫ്‌ളെക്‌സാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സി.പി.എം വേങ്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഫ്‌ളെക്‌സാണ് ഇത്. ‘വേങ്കോട് മേഘമല്‍ഹാറില്‍ ഷിഹാബുദ്ദീന്‍ (ഷാസര്‍) ലൈല ദമ്പതികളുടെ കൊച്ചുമകനും ഫൈസിയുടെ സഹോദരി ഹസ്സീനയുടെ മകനുമായ ഹാഷിര്‍.എച്ച് വാഴ 2 എന്ന് മലയാള സിനിമയിലെ പ്രധാന വേഷം ചെയ്ത് വിജയം കൈരിച്ചു. നമ്മുടെ നാടിന് അഭിമാനമായ കൊച്ചുമിടുക്കന് സി.പി.എം. വേങ്കോട് ബ്രാഞ്ചിന്റെ അഭിനന്ദനങ്ങള്‍,’ ഫ്‌ളെക്‌സിലെ കുറിപ്പില്‍ പറയുന്നു.

ഇതിന് താഴെ കമന്റുകളുമായി ഒട്ടനവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എത്ര പേരുടെ അംഗീകാരം ലഭിച്ചാലും ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നും ലഭിക്കുന്ന അംഗീകാരത്തിന് പ്രത്യേക സന്തോഷമാണെന്നും ഹാഷിറിന് ഇത്രയും കാലത്തെ കഠിനാധ്വാനത്തിന് നാട്ടുകാരില്‍ നിന്ന് ലഭിച്ച കൈയടികളാണിതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമറിയിക്കുന്നുണ്ട്.

വാഴ 3. Photo: X.com

വിപിന്‍ ദാസ് തിരക്കഥയെഴുതി നിര്‍മിച്ച ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍, ദേവരാജ്, അജു വര്‍ഗീസ്, വിജയ് ബാബു, ബിജുക്കുട്ടന്‍, വിനോദ് കെടാമംഗലം, അശ്വതി ചന്ദ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വാഴയുടെ ആദ്യഭാഗവും രണ്ടാം ഭാഗവും വമ്പന്‍ വിജയമായതോടെ ആണ്‍കുട്ടികള്‍ക്ക് പകരം പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഴ 3 വിപിന്‍ ദാസ് കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്തിരുന്നു.

 

Content Highlight: Flex board goes viral as Locals appreciates Vaazha 2 actor Haashir