ദൃശ്യത്തിന്റെ ലൊക്കേഷനിൽ നിന്ന് അച്ചടിഭാഷ പഠിക്കണം എന്ന മോഹവുമായി ഇർഷാദ് അലി ചെന്ന് കയറിക്കൊടുത്തത് മുരളി ഗോപിയുടെ അനന്തൻകാട്ടിലേക്ക്!
Malayalam Cinema
ദൃശ്യത്തിന്റെ ലൊക്കേഷനിൽ നിന്ന് അച്ചടിഭാഷ പഠിക്കണം എന്ന മോഹവുമായി ഇർഷാദ് അലി ചെന്ന് കയറിക്കൊടുത്തത് മുരളി ഗോപിയുടെ അനന്തൻകാട്ടിലേക്ക്!
കെ.എസ് ഷാബിന
Tuesday, 30th June 2026, 12:24 am

അനന്തൻകാട്: തിരക്കഥ മുരളി ഗോപി‘ എന്ന ടൈറ്റിൽ തന്നെയാണ് ഈ ചിത്രം കാണാൻ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ചത്. എന്നാൽ ‘ലൂസിഫർ’ പോലുള്ള സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചത് ശക്തമായൊരു പൊളിറ്റിക്കൽ സ്റ്റോറിയായിരുന്നു. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനെയും നിരാശ സമ്മാനിച്ചതും ആ പ്രതീക്ഷ തന്നെയാണ്.

1989-91 കാലഘട്ടത്തിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരുവനന്തപുരം ജില്ലയിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം എന്നാണ് സംവിധായകൻ ജിയെൻ കൃഷ്ണകുമാറും എഴുത്തുകാരൻ മുരളി ഗോപിയും പറഞ്ഞു വെച്ചത്. എന്നാൽ, വെറും അടിയും ഇടിയും വെടിയും നിറഞ്ഞ ഒരു പുകമയം മാത്രമാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്. സിനിമയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും കാണികളുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാൻ സാധിക്കാതെ പോയതാണ് ചിത്രത്തിന്റെ പ്രധാന പരാജയം.

അനന്തൻകാട്.Photo:Screengrab/Youtube

തിരക്കഥാകൃത്ത് മുരളി ഗോപി ആയതുകൊണ്ടും ചിത്രം സംസാരിക്കുന്നത് രാഷ്ട്രീയം ആയതുകൊണ്ടും, ഒരു സമുന്നത രാഷ്ട്രീയ നേതാവും സ്വന്തം രാഷ്ട്രീയ ഭാവി മെച്ചപ്പെടുത്താൻ ചതി ശീലമാക്കിയ മറ്റൊരു രാഷ്ട്രീയക്കാരനും സിനിമയിൽ നിർബന്ധം ആണ്. വിജയരാഘവൻ അവതരിപ്പിച്ച കെ.കെ. മേനോൻ ആണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ടിപ്പിക്കൽ രാഷ്ട്രീയ നേതാവും. മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കണ്ട്, നേതാവിനെ ചതിക്കാൻ അവസരം നോക്കി നടക്കുന്ന അരുമയായ ശിഷ്യനായി എത്തുന്നത് ഇർഷാദ് അലിയുടെ പി.കെ. എബ്രഹാം എന്ന കഥാപാത്രമാണ്.

നേതാവിരിക്കുന്ന മുഖ്യമന്ത്രിക്കസേര താൻ സ്വപ്നം കാണുന്നുണ്ടെന്നും, അതിനാൽ സ്വയം ആ കസേര ഒഴിഞ്ഞുതരണമെന്നും, അല്ലാത്തപക്ഷം എതിരാളികളുടെ കൂടെനിന്ന് ചതിയിലൂടെ ആ കസേര താൻ സ്വന്തമാക്കുമെന്നും മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറയുന്ന ഒരു ‘സത്യസന്ധനായ കള്ളനും’ മാതൃകാ ശിഷ്യനുമാണ് ഇർഷാദ് അലിയുടെ പി.കെ. എബ്രഹാം.

അനന്തൻകാട്.Photo:Screengrab/Youtube

സ്ക്രിപ്റ്റിൽ മുരളി ഗോപി എഴുതിക്കൊടുത്ത ഡയലോഗുകൾ രാഷ്ട്രീയ ആചാര്യന്റെ മുന്നിൽ പോയി, ആരോ പഠിപ്പിച്ചു വിട്ടതുപോലെ വന്ന് പറയുന്നു, പോകുന്നു; വീണ്ടും വരുന്നു, പറയുന്നു, പോകുന്നു! ഡയലോഗിന് വേദനിക്കുമെന്ന് കരുതിയിട്ടാകണം ഇർഷാദ് അലി അച്ചടിഭാഷയെപ്പോലും തോൽപിക്കുന്ന വിധത്തിൽ അക്ഷരങ്ങൾ ഓരോന്നായി വായിച്ചു തീർത്തത്. ഒരു രാഷ്ട്രീയ നിവേദനം എടുത്തു വായിച്ചു കേൾപ്പിക്കുന്നതു പോലെയായിരുന്നു ഇർഷാദ് അലിയുടെ ഡയലോഗ് ഡെലിവറി.

‘ദൃശ്യം 3’-യുടെ ഹാങ് ഓവർ ആണെന്ന് തോന്നുന്നു; ദൃശ്യത്തിന്റെ ലൊക്കേഷനിൽ നിന്നും ഷൂട്ടിങ് കഴിഞ്ഞ് അച്ചടിഭാഷ പഠിക്കണം എന്ന മോഹവുമായി ഇർഷാദ് അലി ചെന്നു കയറിക്കൊടുത്തത് മുരളി ഗോപിയുടെ ‘അനന്തൻകാട്ടി’ലേക്കായിരുന്നു. അതാകട്ടെ, ‘താൻ രാഷ്ട്രീയ ഗുരുവായിട്ടാണ് അങ്ങയെ കാണുന്നത്’ എന്നൊരു ഡിസ്ക്ലൈമർ ഒക്കെ കൊടുത്തിട്ടാണ് ഈ സത്യസന്ധനായ ചതിയൻ താൻ ചതിക്കാൻ പോവുകയാണെന്ന കാര്യം നേതാവിന്റെ മുഖത്തുനോക്കി പറയുന്നത്.

അനന്തൻകാട്.Photo:Screengrab/Youtube

ഈ രണ്ടു കഥാപാത്രങ്ങളും കേരളത്തിലെ രണ്ടു സമുന്നതരായ രാഷ്ട്രീയ നേതാക്കൾ തന്നെയാണെന്ന് സാമാന്യ രാഷ്ട്രീയബോധമുള്ള ഏതൊരാൾക്കും മനസിലാക്കാൻ സാധിക്കും. വിജയരാഘവൻ അവതരിപ്പിച്ച കെ .കെ മേനോൻ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ആണെന്നും, ഇർഷാദ് അലിയുടെ പി.കെ. എബ്രഹാം. അദ്ദേഹത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ എ. ആകെ ആന്റണി ആണെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

ചിത്രം അവസാനിക്കുമ്പോൾ പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നതിലും, ശക്തമായ ഒരു പൊളിറ്റിക്കൽ സ്റ്റോറി അവതരിപ്പിക്കുന്നതിലും ചിത്രം വിജയകരമായി തന്നെ പരാജയപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല.

Content Highlight:Flaws in Irshad Ali’s dialogue delivery in the movie Ananthankaadu

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.