കേക്കുമായി പിറന്നാളാഘോഷിക്കാന്‍ അമ്മയെത്തി; കാത്തിരുന്നത് മകന്റെ വെന്തുരുകിയ ഒരു ജോഡി ബൂട്ടുകള്‍
Football
കേക്കുമായി പിറന്നാളാഘോഷിക്കാന്‍ അമ്മയെത്തി; കാത്തിരുന്നത് മകന്റെ വെന്തുരുകിയ ഒരു ജോഡി ബൂട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th February 2019, 9:18 pm

റിയോ: ബ്രസീലിലെ വിഖ്യാത ക്ലബിന്റെ താരമായിരുന്നു പതിനഞ്ചുകാരനായ ആര്‍തര്‍ വിനീഷ്യസ്. ശനിയാഴ്ചയായിരുന്നു അവന്റെ പതിനഞ്ചാം പിറന്നാള്‍. ഇനിയൊരു കൊല്ലം കൂടിക്കഴിഞ്ഞാല്‍ ഫ്‌ളമിങോയുടെ അണ്ടര്‍ 15 ടീമില്‍ നിന്ന് സ്ഥാനക്കയറ്റം അവന് ലഭിക്കും. അതിന്റെ സന്തോഷം കുഞ്ഞ് വിനീഷ്യസിന്റെ മുഖത്തുണ്ടായിരുന്നു.

പതിനഞ്ചാം പിറന്നാള്‍ മകനൊപ്പം ആഘോഷിക്കാന്‍ കേക്കും സമ്മാനങ്ങളുമായി അമ്മ വോള്‍ട്ടോ റെസാന്‍ഡോ വെള്ളിയാഴ്ച റിയോയില്‍ നിന്ന് പുറപ്പെട്ടു. മകനിഷ്ടപ്പെട്ട കേക്കും ഒരുപിടി സമ്മാനപ്പൊതികളും വോള്‍ട്ടോയുടെ കൈളിലുണ്ടായിരുന്നു. പക്ഷെ ഫ്‌ളമിങോയുടെ അക്കാദമിയില്‍ അമ്മയ്ക്കായി കാത്തിരുന്നത് വിനീഷ്യസിന്റെ വെന്തുരുകിയ ശരീരമാണ്. ക്ലബിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 10 അണ്ടര്‍ 15 കളിക്കാരില്‍ ആര്‍തറമുണ്ടായിരുന്നു.

ALSO READ: ലോകകപ്പിന് ഒരുങ്ങി ഓസ്‌ട്രേലിയ; പോണ്ടിങ് സഹപരിശീലകന്റെ റോളിലേക്ക്

ബ്രസീലില്‍ ഒരുപാട് ഇതിഹാസങ്ങള്‍ക്ക് ജന്‍മം നല്‍കിയ ക്ലബാണ് ഫ്‌ളെമിങോ. ക്ലബിന്റെ പ്രതിരോധതാരമായിരുന്നു വിനീഷ്യസ്. ബ്രസീല്‍ അണ്ടര്‍ 15 ടീമിന്റേയും കളിക്കാരന്‍. നാളെയുടെ വാഗ്ദാനമെന്ന് പരിശശീലകന്‍ വിലയിരുത്തിയ താരമായിരുന്നു വിനീഷ്യസ്.

യൂറോപ്യന്‍ ടീമുകളുടെ നോട്ടം ആര്‍തര്‍ വിനീഷ്യസിനുമേലും ഉണ്ടായിരുന്നു. പക്ഷെ ഒരൊറ്റ ദിവസത്തിനുള്ളില്‍ എല്ലാ സ്വപ്‌നവും വെന്തരിഞ്ഞു. മകന് ഉപചാരമര്‍പ്പിക്കാന്‍ കേക്കുമായെത്തിയ വിനീഷ്യസിന്റെ അമ്മയുടെ ചിത്രങ്ങള്‍ ബ്രസീല്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Quem são os 10 garotos mortos no incêndio do CT do Flamengo — Foto: Arte/G1

വിനീഷ്യസിനെകൂടാതെ 9 യുവതാരങ്ങളെയാണ് അന്ന് തീ വിഴുങ്ങിയത്. 14നും 15നും ഇടയില്‍ പ്രായമുള്ളവര്‍. മുന്നേറ്റതാരങ്ങളായ അതില പൈക്‌സോ, വിറ്റയര്‍ ഇസായസ്, ഗോള്‍കീപ്പര്‍മാരായ ബെര്‍നാഡോ പിസറ്റെ, ക്രിസ്റ്റ്യന്‍ എസ്മാരിയോ, മധ്യനിര താരങ്ങളായ ഗെഡ്‌സണ്‍ സാന്റോസ്, പാബ്ലോ ഹെന്റിക്, ലെഫ്റ്റ് വിങര്‍ ജോര്‍ജ് എഡ്വേര്‍ഡോ, റൈറ്റ് ബാക്ക് തോമസ് റോസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റിക്വെല്‍മെ എന്നിവരും യാത്രയായി.

ക്ലബില്‍ ബാക്കിയായത് 10 വെന്തുരുകിയ ബൂട്ടുകള്‍ മാത്രമാണ് ടീമിന്റെ സ്റ്റാര്‍ട്ടിങ് ലൈനപ്പിലുളളവരാണ് മരിച്ചവരില്‍ അധികവും.