| Thursday, 29th January 2026, 11:02 pm

ഇത് തമിഴ്‌നാടിന്റെ അവാര്‍ഡോ കേരളത്തിന്റെ അവാര്‍ഡോ? മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡില്‍ അഞ്ചും നേടി മലയാളി നടിമാര്‍

അമര്‍നാഥ് എം.

കേരള സ്റ്റേറ്റ് അവാര്‍ഡില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരങ്ങള്‍. ഓരോ വര്‍ഷവും പ്രഖ്യാപിക്കാതെ നാലും അഞ്ചും വര്‍ഷം കൂടുമ്പോഴാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാറുള്ളത്. 2016-2022 വരെയുള്ള പുരസ്‌കാരങ്ങള്‍ ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ മികച്ച നടിമാരുടെ ലിസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ഏഴ് വര്‍ഷത്തെ മികച്ച നടിമാരില്‍ അഞ്ചും മലയാളി നടിമാരാണ്. 2016ല്‍ കീര്‍ത്തി സുരേഷ് (പാമ്പു സട്ടൈ), 2017ല്‍ നയന്‍താര (അറം), 2018ല്‍ ജ്യോതിക (ചെക്ക ചിവന്ത വാനം), 2019ല്‍ മഞ്ജു വാര്യര്‍ (അസുരന്‍), 2020ല്‍ അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്), 2021ല്‍ ലിജോമോള്‍ (ജയ് ഭീം), 2022ല്‍ സായ് പല്ലവി (ഗാര്‍ഗി) എന്നിങ്ങനെയാണ് പുരസ്‌കാര ജേതാക്കള്‍.

ഇതില്‍ സായ് പല്ലവിയും ജ്യോതികയുമൊഴികെ ബാക്കിയെല്ലാം മലയാളി നടിമാരാണ്. തമിഴ് സിനിമാലോകത്ത് മലയാളി നടിമാരുടെ ആധിപത്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മികച്ച പെര്‍ഫോമന്‍സുകള്‍ കൊണ്ട് നിരൂപക പ്രശംസയോടൊപ്പം പുരസ്‌കാര നേട്ടവും സ്വന്തമാക്കി മലയാളി താരങ്ങള്‍ സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.

മികച്ച നടിമാരുടെ പുരസ്‌കാരത്തോടൊപ്പം സൂര്യ സ്വന്തമാക്കിയ പുരസ്‌കാരങ്ങളും ചര്‍ച്ചാവിഷയമായി. 2016ല്‍ 24 എന്ന ചിത്രത്തിന് നാല് പുരസ്‌കാരമാണ് സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയത്. സൂരറൈ പോട്രിലൂടെ മികച്ച നടനുള്ള അവാര്‍ഡും സൂര്യ തന്റെ പേരിലാക്കി. കരിയറിലെ നാലാമത്തെ സ്റ്റേറ്റ് അവാര്‍ഡാണ് സൂര്യ സ്വന്തമാക്കിയത്.

2021ലെ പുരസ്‌കാരങ്ങളില്‍ ജയ് ഭീമും തിളങ്ങി. മികച്ച ചിത്രം, നടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം അവാര്‍ഡ് നേടിയത്. അവാര്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന കാലതാമസം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കും വഴിവെക്കുന്നുണ്ട്. ഇത്രയും വൈകി അവാര്‍ഡ് നല്‍കുന്നതിലും ഭേദം കൊടുക്കാതിരിക്കുന്നതാണെന്ന് പലരും വിമര്‍ശിക്കുന്നു.

എന്നാല്‍ വൈകിയാണെങ്കിലും പുരസ്‌കാരം സ്വന്തമാക്കിയവര്‍ക്ക് അഭിനന്ദനവും ലഭിക്കുന്നുണ്ട്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളും വൈറലാണ്. കരിയറില്‍ മോശം ഫേസിലൂടെ കടന്നുപോകുന്ന സൂര്യയുടെ പുരസ്‌കാര നേട്ടത്തെയും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

Content Highlight: Five Malayali actresses won Best Actress Award in Tamilnadu State Award

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more