പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.
അറസ്റ്റിലായവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പങ്കാളികളായ മറ്റു ചിലരും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്‍ ഭയ്യാൻ (31) മര്‍ദനത്തിന് ഇരയായത്. ബംഗ്ലാദേശിയും മോഷ്ടാവാണോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദനം.
മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്കാണ് രാം നാരായണന്‍ ഇരയായത്. സംഭവത്തിന് പിന്നാലെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
മര്‍ദനത്തിന് ശേഷം പ്രതികള്‍ റോഡരികില്‍ ഉപേക്ഷിച്ച യുവാവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
രാം നാരായണന്‍ ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തല മുതല്‍ കാല്‍ വരെ നാല്‍പതോളം മുറിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
പുറം മുഴുവന്‍ വടി ഉപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. ശരീരത്തിലുടനീളം ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളുമുണ്ട്.
യുവാവിന്റെ ശരീരത്തില്‍ അടി കിട്ടാത്ത ഒരു ഭാഗം പോലുമില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശരീരത്തിലുണ്ടായ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് യുവാവിന്റെ മരണം. മര്‍ദനത്തിന് ശേഷം യുവാവ് കുറച്ച് കൂടി സമയം ജീവനോടെ ഉണ്ടായിരുന്നുവെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു.
സംഭവത്തില്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
രാം നാരായണന്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട്ടെ കഞ്ചിക്കോട് ജോലി തേടി എത്തിയതെന്നും യുവാവിന് മോഷണ സ്വഭാവമില്ലെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാം നാരായണൻ വിവാഹിതനാണ്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്.
Content Highlight: Five arrested in Walayar mob lynching