ആര്, എന്താണ് എന്നൊന്നും നോക്കില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന മനസാണ് അവര്‍ക്കുള്ളത്, അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാകും'; മത്സ്യത്തൊഴിലാളികളെ കുറിച്ച് ജോണ്‍സണ്‍ ജാമറ്റ് സംസാരിക്കുന്നു
Dool Talk
ആര്, എന്താണ് എന്നൊന്നും നോക്കില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന മനസാണ് അവര്‍ക്കുള്ളത്, അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാകും'; മത്സ്യത്തൊഴിലാളികളെ കുറിച്ച് ജോണ്‍സണ്‍ ജാമറ്റ് സംസാരിക്കുന്നു
ജംഷീന മുല്ലപ്പാട്ട്
Sunday, 19th August 2018, 7:41 pm

ഒരുപക്ഷേ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈ പ്രളയം. ഒരു ചെറിയ ഭൂപ്രദേശം ഏതാണ്ട് മുഴുവനായും വെള്ളക്കെട്ടിലായ ദിവസങ്ങളാണ് നമ്മള്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. ഈ അതിജീവന പോരാട്ടത്തില്‍ ബിഗ് സലൂട്ട് കൊടുക്കേണ്ടത് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ്. ആളുകള്‍ മുങ്ങിത്താഴുന്ന ഇടങ്ങളിലേയ്ക്ക് ആരോടും അനുവാദം ചോദിക്കാതെയാണ് ആവര്‍ വള്ളങ്ങളുമായി കുതിച്ചെത്തിയത്. തുഴഞ്ഞും നീന്തിയും പൊതുസമൂഹം അവജ്ഞതയോടെ ഇപ്പോഴും മാറ്റിനിര്‍ത്തുന്ന ഒരു സമൂഹം ലക്ഷക്കണക്കിന് ജീവനുകളാണ് കരക്കടുപ്പിച്ചത്. ഓഖി ദുരന്തത്തിനു ശേഷം മത്സ്യത്തൊഴിലാളികളോട് മലയാളികള്‍ ചെയ്തതൊന്നും അവര്‍ മറന്നു കാണില്ല. എന്നിട്ടും ഞങ്ങളെ അവര്‍ക്ക് ആവശ്യമുണ്ടെന്ന് സ്വയം കരുതി തുറ മുടക്കി, കടം വാങ്ങിച്ച് വീടുകളില്‍ ഏല്‍പ്പിച്ച് വന്നവരാണവര്‍. പ്രളയമുഖത്തെ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജോണ്‍സണ്‍ ജാമറ്റ് സംസാരിക്കുന്നു.

പ്രളയ ബാധിത മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ഇടപെടലുകള്‍ എങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നത്?

അവര്‍ വളരെ സജീവവും ഊര്‍ജ സ്വലരുമായിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ദുരന്ത ബാധിത പ്രദേശങ്ങളിലേയ്ക്ക് പോയാല്‍ ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്. ഒരു വള്ളത്തില്‍ 30 മുതല്‍ 40 വരെ ആളുകളെയാണ് രക്ഷപ്പെടുത്തി കൊണ്ടുവരുന്നത്. അങ്ങനെ ഒരു വള്ളം തന്നെ മൂന്നോ നാലോ തവണ ആളുകളെ രക്ഷപ്പെടുത്താന്‍ പോകുന്നുണ്ട്. പൊലീസുകാര്‍ സമ്മതിക്കുന്നത് വരെ ചിലര്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഒരു വള്ളത്തില്‍ രണ്ടോ മൂന്നോ മത്സ്യത്തൊഴിലാളികളാണ് പോകുന്നത്. ചെങ്ങന്നൂര്‍, പത്തനംതിട്ട, ആലപ്പുഴ, കുട്ടനാട്, എറണാകുളം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്താണ് മത്സ്യത്തൊഴിലാളികള്‍ വിവിധ പ്രദേശങ്ങളിലേയ്ക്ക് പോകുന്നത്.

രാവിലെ 7 മണിമുതല്‍ വൈകീട്ട് 6.30 വരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. 400ല്‍ കൂടുതല്‍ ബോട്ടുകളും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തന മേഖലയിലുണ്ട്. ചെങ്ങന്നൂര്‍ തന്നെ 50ല്‍ കൂടുതല്‍ ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. നിലവില്‍ ചില മത്സ്യത്തൊഴിലാളികള്‍ തിരിച്ച് അവരുടെ വീടുകളിലേയ്ക്ക് പോകുന്നുണ്ട്. അതിന് പ്രധാന കാരണം. വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നതാണ്. കുറഞ്ഞ ജലനിരപ്പില്‍ ബോട്ടോ വള്ളമോ ഇറക്കാന്‍ സാധിക്കില്ല. ചില ഇടങ്ങളിലേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. എങ്കിലും അവിടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ പലരീതിയിലും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പാലത്തിന്റെയും മതിലിന്റെയും മുകളില്‍ കൂടിയാണ് വള്ളം ഓടിച്ചു പോകുന്നത്. അങ്ങനെ വള്ളങ്ങള്‍ പൊട്ടുകയും മെഷീന്‍ കേടാവുകയും പലര്‍ക്കും മുറിവുകള്‍ പറ്റുകയും ചെയ്യുന്നുണ്ട്. ഇന്നലെ കൊല്ലത്ത് നിന്നും തിരുവനന്തപുരത്തു നിന്നും 7 വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് മൂലം തിരിച്ചു പോയിട്ടുണ്ട്.

അതേസമയം, പൂവാര്‍, മരിയനാട്, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പത്തോളം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും ചിലകാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് തിരിച്ചു പോകുന്നവര്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല. അവര്‍ സുരക്ഷിതരാണോ എന്ന് പോലും ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഒരുപാട് കാലതാമസം വരുന്നുണ്ട്. അത് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ട്. ഞങ്ങളെ എന്തിനാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഉദാഹരണത്തിന് വള്ളം പൊട്ടി എന്‍ജിന്‍ കേടായി ഇന്നലെ വൈകീട്ട് പോകാന്‍ ഇരുന്നവര്‍ ഇപ്പോഴും പോയിട്ടില്ല. സജി ചെറിയാന്‍ എം.എല്‍.എ ഇവിടെ സജീവമായുണ്ട്. പക്ഷേ തിരിച്ച് പോകുന്നവരുടെ കാര്യം വേഗത്തില്‍ നടപ്പാക്കുന്നില്ല.

കൂടാതെ പുതുതായി വരുന്ന വള്ളങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള സ്ഥലം നിശ്ചയിച്ചു കൊടുക്കുന്നതിലും കാലതാമസം വരുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മനസ്സില്‍ എത്രയും പെട്ടെന്ന് ആളുകളെ രക്ഷപ്പെടുത്തണം എന്ന ചിന്ത മാത്രമേ ഉള്ളൂ. അപ്പോള്‍ അതിനനുസരിച്ചുള്ള കോഡിനേഷനോ മാന്‍ പവറോ ഇവിടെ കുറവാണ്. എവിടെയൊക്കെയാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കാണിച്ചു കൊടുക്കാന്‍ പ്രാദേശികമായി അറിയുന്ന ആളുകളുടെ ആവശ്യമുണ്ട്. എന്നാല്‍ അത് ലഭ്യമല്ല. അതേസമയം, ഞങ്ങളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞ് ആളുകള്‍ നമ്മളെ വിളിക്കുന്നുണ്ട്. ആ വിവരങ്ങള്‍ ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നുണ്ട്. അവര്‍ രക്ഷാപ്രവര്‍ത്തകരെ ആലോകേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ, കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നില്ല. നൂറുകണക്കിന് ഒഫീസര്‍മാര്‍ ഇവിടുണ്ട്. എന്നാല്‍ അവരുടെ റോള്‍ എന്താണ്, അവര്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള വ്യക്തത അവര്‍ക്കില്ല.

 

 

എല്ലാവരും നിസ്സഹായരായി നോക്കി നില്‍ക്കുന്ന ദുരന്ത മുഖത്തെക്കാണ് ആരോടും അനുവാദം ചോദിക്കാതെ ആരുടേയും നിര്‍ദേശത്തിന് കത്തുനില്‍ക്കാതെ മത്സ്യത്തൊഴിലാളികള്‍ വരുന്നത്?

ജീവന്‍ രക്ഷിക്കുക എന്നുള്ളത് മത്സ്യത്തൊഴിലാളികളുടെ ഒരു ആന്തരിക ഫിലോസാഫിയാണ് എന്നുവേണമെങ്കില്‍ പറയാം. ആര് എന്താണ് എന്നൊന്നും അവര്‍ നോക്കില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന മനസാണ് അവര്‍ക്കുള്ളത്. അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാകും. ഉദാഹരണത്തിന് ഇവിടെ
രക്ഷാപ്രവര്‍ത്തനത്തിന് പട്ടാളത്തിന്റെ ബോട്ടുകളുണ്ട്. ആ ബോട്ടുകള്‍ കുത്തൊഴുക്കില്‍ നിക്കത്തില്ല. അതുകൊണ്ടുതന്നെ ആളുകളെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് കഴിയുകയുമില്ല. പിന്നെ പാമ്പുകളുടെ ശല്യം ഭയങ്കരമായിട്ടുണ്ട്. പലയിടത്തും. ഇതിനെയൊക്കെ കടന്ന് നീന്തിപ്പോയി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം പട്ടാളക്കാരുടെ ഭാഗത്ത് നിന്നും വളരെ കുറവാണ്. അപ്പോള്‍ അത്തരം കാര്യങ്ങള്‍ ജീവന്‍ പോലും പണയപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ ചെയ്യും.

കാരണം അവരുടെ മനസ്സില്‍ ആളുകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന ചിന്ത മാത്രമേ ഉള്ളൂ. അവര്‍ പറയുന്നുണ്ട് നമ്മള്‍ വന്നില്ലായിരുന്നെങ്കില്‍ ഇവിടെ ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നു. കാരണം അത് അവരുടെ ദുരന്തമുഖത്തെ അനുഭവമാണ്. പിന്നെ ഇവിടുത്തെ ആളുകള്‍ക്ക് വളരെ അടിയുറച്ച ഒരു വിശ്വാസം മത്സ്യത്തൊഴിലാളികളോട് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ വന്നു കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെടും, അവരുടെ ബോട്ടില്‍ പോയാല്‍ നമ്മുക്ക് ഒന്നും സംഭവിക്കില്ല അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അവര്‍ നമ്മളെ രക്ഷപ്പെടുത്തിക്കോളും എന്ന വിശ്വാസം ജനങ്ങള്‍ക്ക് വന്നിട്ടുണ്ട്. ക്യാമ്പിലുള്ള പലരും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പിന്നെ എന്‍.ഡി.ആര്‍.എഫിന്റെ ബോട്ടുകളില്‍ ഒന്നും ചിലര്‍ കയറുന്നില്ലെന്ന പരാതിയുമുണ്ട്. കാരണം അത് അവരോട് വിശ്വാസം ഇല്ലാത്തതുകൊണ്ടാണ്.

ബ്ലൂ വൊളണ്ടിയേഴ്‌സ് എന്ന ഹാഷ് ടാഗിലാണല്ലോ രക്ഷാപ്രവര്‍ത്തനത്തിന് ഏത് സമയത്തും മത്സ്യത്തൊഴിലാളികള്‍ തയ്യാറായി നില്‍ക്കുന്നത്?

കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്നു പറയുന്ന ഒരു ഓര്‍ഗനൈസേഷന്‍ ഞങ്ങള്‍ക്കുണ്ട്. രണ്ടു മൂന്നു വര്‍ഷമായി തീരപ്രദേശങ്ങളിലെ ജീവിതങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആ ശ്രമങ്ങള്‍ക്കിടയിലെ രണ്ടാമത്തെ ദുരന്തമാണിപ്പോള്‍. ഒന്ന് ഒഖിയായിരുന്നു. ഓഖിയുടെ സമയത്ത് നമ്മുടെ കുട്ടികളായിരുന്നു ഈ വിഷയത്തെ പൊതു മാധ്യമങ്ങളില്‍ കൊണ്ടുവന്നത്. ഡൂള്‍ന്യൂസ് ഒക്കെ അത് എഴുതിയിരുന്നു. അതാണ് ആദ്യത്തെ ഇടപെടല്‍. അന്നേ ബ്ലൂ വൊളണ്ടിയേഴ്‌സ് എന്ന ആശയം ഞങ്ങള്‍ക്കുണ്ടായിരുന്നു. ബ്ലൂ എന്നാല്‍ കടലാണല്ലോ. കടലിന്റെ മക്കള്‍ എന്ന ആശയം തന്നെയാണ് ഇത്. ഇവിടെ 17 വിദ്യാര്‍ഥികളും കുറച്ചു ചെറുപ്പക്കാരും മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മടങ്ങാനും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വീട്ടുകാരുമായി ബന്ധപ്പെടാനും ഈ ടീം സഹായിക്കുന്നുണ്ട്.

മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ച പ്രശനങ്ങളാണ് ആലപ്പാട്ടെ കരിമണല്‍ ഖനനവും വിഴിഞ്ഞം ഹാര്‍ബറും പൂന്തുറ, അടിമലത്തുറ തുടങ്ങിയ സ്ഥലങ്ങളില്‍ ദുരന്തം വിതച്ച ഓഖിയും. ഇതിനോടൊക്കെയുള്ള ഭരണ-പൊതുജന സംവിധാനങ്ങളുടെ സമീപനം എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇവിടങ്ങളില്‍ നിന്നൊക്കെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി പാഞ്ഞെത്തി?

സുനാമി ബാധിച്ച സ്ഥലമാണ് ആലപ്പാട്. അവിടെ കരിമണല്‍ ഖനനം കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് തീരത്തുള്ളവര്‍. എന്റെ അനുമാനം അനുസരിച്ച് നമ്മളുടെ അറിയപ്പെടാത്ത ചരിത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന വെള്ളപ്പൊക്കം തന്നെ മനുഷ്യ നിര്‍മിതമാണ്. ഇതുപോലെ മനുഷ്യനിര്‍മിത ദുരന്തമാകാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം പോര്‍ട്ടും. പോര്‍ട്ട് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, ആ പ്രശ്‌നത്തെ അവര്‍ കാണുന്നത് എങ്ങനെയെന്നാല്‍, ശരിയാകും എന്ന വിശ്വാസത്തിലാണ്. ഇപ്പോഴും അവര്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. കാരണം അവരുടെ ചരിത്രം വെച്ച് നോക്കുകയാണെങ്കില്‍ അധികാര വര്‍ഗത്തോട് അവര്‍ക്ക് എല്ലായിപ്പോഴും കൂറുണ്ട്. അത് രാജഭരണ കാലത്താലും ഇപ്പോഴാണെങ്കിലും.

അതേസമയം തന്നെ അവര്‍ ഒരുപാട് ക്ഷമിക്കും. ശരിയാകും, ശരിയാകും, സര്‍ക്കാര്‍ നമുക്ക് വേണ്ടിതന്നെയാണ് ചെയ്യുന്നത് എന്ന് വിചാരിക്കും. ഇങ്ങനെ ഇവരെ പറ്റിക്കാന്‍ എളുപ്പമാണ്. അതാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ഒരു ഓര്‍ഗനൈസ്ഡ ആയ എതിര്‍പ്പിലേയ്ക്ക് അവര്‍ വരാത്തത്. അവര്‍ ചിന്തിക്കുന്ന ഒരു കാര്യം ഞങ്ങള്‍ കഷ്ടപ്പെട്ടപ്പോള്‍ ഞങ്ങളെ ആരും നോക്കിയില്ല. ഒഖിയുടെ സമയത്തൊക്കെ അത് മനസ്സിലാക്കിയതാണ്. ഇതേ അനുഭവം വേറെ ഒരാള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്നുള്ള ഒരു ചിന്ത അവര്‍ക്കുണ്ട്. രണ്ടാമത്തെ കാര്യം അവര്‍ക്ക് അവരുടെ നൈപുണ്യത്തില്‍ വളരെ ആത്മവിശ്വാസമുണ്ട്. അവര്‍ക്കേ ഇതു ചെയ്യാന്‍ കഴിയൂ എന്നുള്ള വിശ്വാസം. ഞങ്ങള്‍ ചെയ്തില്ലെങ്കില്‍ ആര് ചെയ്യും എന്നാണവര്‍ ചോദിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് കഴിവുണ്ട്. ചെയ്യാനുള്ള മനസ്സും ഉണ്ട്. അതാണ് അവര്‍ ദുരന്തമുഖത്തു കാണിച്ചത്.

മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ യഥാര്‍ത്ഥ സൈനികര്‍ എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ട സാഹചര്യമുണ്ടായി?

ഭരണ സംവിധാനം മത്സ്യത്തൊഴിലാളികളെ തിരിച്ചറിയാന്‍ തുടങ്ങുന്നുണ്ട് എന്നതിനുള്ള തെളിവാണ് മിഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് എന്ന് അനുമാനിക്കുന്നു. കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം കഴിഞ്ഞ മൂന്നുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് മത്സ്യത്തൊഴിലാളികള്‍ അറിവുള്ളവരാണ്, അവര്‍ കഴിവുള്ളവരാണ് അവരെ ബഹുമാനിക്കേണ്ടതുണ്ട്, അവരെ ആദരിക്കേണ്ടതുണ്ട്, അവരുടെ കഴിവുകളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് എന്നൊക്കെ. ഇപ്പോള്‍ അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തുക എന്നത് വലിയ സംഭവമാണ്. ആര്‍മിക്ക് എന്തെല്ലാം വിഭവങ്ങളുണ്ട്. എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് ആര്‍മി പ്രവര്‍ത്തിക്കുന്നത്. പക്ഷേ ആര്‍മി എത്രപേരെ രക്ഷപ്പെടുത്തി?. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്ളത് വെച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മത്സ്യത്തൊഴിലാളികളുടെ അറിവുകള്‍ സമൂഹത്തിനു ആവശ്യമുണ്ടെന്ന മനസ്സിലാക്കലിലാണ് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം അവരുടെ അറിവുകള്‍ ശേഖരിക്കുകയും അവരുടെ ജീവിതത്തെ സഹായിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളെ ഉയര്‍ത്തികൊണ്ടു വരികയും ചെയ്യുന്നത്. ഉദാഹരണത്തിന് ക്ലൈമറ്റ് സയന്‍സ് പോലെയുള്ള പ്രൊഫഷനില്‍ ഞങ്ങള്‍ക്ക് ആളില്ല. ഓഷനോഗ്രഫര്‍ ഇല്ല. അപ്പോള്‍ ഞങ്ങള്‍ ഓഷനോഗ്രഫറെ സൃഷ്ടിച്ചുകൊണ്ട് അവരുടെ സമൂഹത്തിനു വേണ്ടി തന്നെ ഉപയോഗപ്പെടുത്തും. ഓഖിയുടെ സമയത്ത് മത്സ്യത്തൊഴിലാളികള്‍ കളിയാക്കപ്പെട്ടു. ഒരുപാട് ആക്രമിക്കപ്പെട്ടു. അവര്‍ മദ്യപിച്ച് കടലില്‍ പോകുന്നവരാണ്, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ആവശ്യമില്ലാതെ കരയുന്നവരാണ് ഇങ്ങനെയുള്ള ആരോപണങ്ങളാണ് പൊതുജനം അവരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദുരന്തം വരുമ്പോള്‍ അവര്‍ കരയും. അത് അവരുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഇതിനെയാണ് മന്ത്രിയെപോലെയുള്ളവര്‍ കളിയാക്കിയത്.

എനിക്ക് തോന്നുന്നു കേരള സമൂഹം ഇതുവരെയും മത്സ്യത്തൊഴിലാളികളുടെ സംസ്‌ക്കാരത്തെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. പക്ഷേ, ഇപ്പോള്‍ ഇങ്ങനെയൊരു സംഭവം വന്നപ്പോള്‍ മനസ്സിലാക്കി തുടങ്ങുന്നു എന്ന് കരുതാം. ഓഖിയുടെ സമയത്തൊക്കെ ഇവിടുത്തെ ശാസ്ത്രസമൂഹത്തിന് മത്സ്യത്തൊഴിലാളികളുടെ പ്രാധാന്യം മനസ്സിലായിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രീയക്കാരും ആ നിലപാടിലേയ്ക്ക് എത്തി എന്നാണ് മനസ്സിലാക്കുന്നത്. അതാണല്ലോ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. ഇതിനി വെറും വാക്കായി തുടരുമോ അതോ ഇവരെയും കൂടെ അംഗീകരിക്കുന്ന രീതിയിലേയ്ക്ക് മാറുമോ എന്ന് കണ്ടറിയാം. മത്സ്യത്തൊഴിലാളികള്‍ക്ക് കോസ്റ്റ്ഗാഡില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഇല്ല. കടലുമായി ബന്ധപ്പെട്ട് നാലു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. പക്ഷേ അവിടെയൊന്നും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണമില്ല. തീരദേശ പൊലീസ് സ്റ്റേഷനുണ്ട് ഇവിടെ. അവിടെയും സംവരണമോ പ്രത്യേകം പരിഗണനയോ ഇല്ല. കടലിനെ കുറിച്ചുള്ള അറിവിലും കടലില്‍ പോകുന്നവരെ പറ്റിയും ആളുകള്‍ മനസ്സിലാക്കിയതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ശരിക്കും കേരള സമൂഹം മത്സ്യത്തൊഴിലാളികളെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല. ഒരുപക്ഷേ ഈ ദുരന്തത്തോടെ മനസ്സിലാക്കാന്‍ തുടങ്ങുന്നുണ്ടാകും.

ഒരാഴ്ചയായി പ്രളയ ബാധിത മേഖലയിലുള്ള മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ എങ്ങനെയാണ് ഈ ദിവസങ്ങളെ അതിജീവിക്കുന്നത്?

തീരദേശമേഖലയിലുള്ളവര്‍ ഈ പ്രളയത്തെ അവരുടെ പ്രശനമായി തന്നെയാണ് എടുത്തിരിക്കുന്നത്. നേരിടുന്ന പ്രധാന പതിസന്ധി സാമ്പത്തികമാണ്. കാരണം അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തി ജീവിക്കുന്നവരാണ് അവര്‍. നിലവില്‍ കടം വാങ്ങിച്ച് വീട്ടില്‍ ഏല്‍പ്പിച്ചിട്ടാണ് രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് എത്തിയിരിക്കുന്നത്. അത്യാവശ്യം മീന്‍ കിട്ടുന്ന സമയമാണിത്. അത് മുടക്കിയാണ് ഇവര്‍ വന്നിരിക്കുന്നത്. പിന്നെ രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ അപേക്ഷ എഴുതി കൊടുക്കുന്നുണ്ട്. എന്‍ജിന്‍ കേടായ വള്ളങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ ക്യാമ്പിലെത്തി വാഗ്ദാനം നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കേരളം ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്നപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ആദ്യം നികത്താനുണ്ട്. എന്നിട്ട് ബാക്കിയുള്ളത് സര്‍ക്കാരിനെ അറിയിക്കണം.

ജോണ്‍സണ്‍ ജാമറ്റ്

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം