ആദ്യ രണ്ട് ദിനങ്ങളില്‍ ശരാശരി കളക്ഷനുമായി ഐ നോബഡി; പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകര്‍
Malayalam Cinema
ആദ്യ രണ്ട് ദിനങ്ങളില്‍ ശരാശരി കളക്ഷനുമായി ഐ നോബഡി; പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 12th July 2026, 11:51 am

ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു. സമീര്‍ അബ്ദുല്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ പാര്‍വതി തിരുവോത്ത്, ഹക്കീം ഷാജഹാന്‍, വിജയരാഘവന്‍, അശോകന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു.

ഐ നോബഡി. Photo: District

ചിത്രത്തിന്റെ അപ്‌ഡേറ്റുകളും ട്രെയ്‌ലറുകളും വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയതെങ്കിലും റിലീസായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഐ നോബഡിയ്ക്ക് ലഭിച്ചത്. ആദ്യ പകുതിയ്ക്ക് മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇതോടെ ചിത്രത്തിന്റെ കളക്ഷനിലും കാര്യമായ ഇടിവ് വന്നിരുന്നു, എന്നാല്‍ നിലവില്‍ തിയേറ്ററുകളില്‍ ഐ നോബഡിയ്ക്ക് ഭീഷണിയുമായി മറ്റ് ചിത്രങ്ങളൊന്നുമില്ലാത്തതും ഗുണം ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യ രണ്ട് ദിനങ്ങളില്‍ ലഭിച്ച കളക്ഷന്‍ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. രണ്ട് കോടിയ്ക്കടുത്ത് ആദ്യ ദിനത്തില്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത് 3.3 കോടിയോളമാണ്. കര്‍ണാടകയില്‍ നിന്നും ചിത്രം 36 ലക്ഷം നേടിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ചിത്രം 19 ലക്ഷവും നേടിയിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്നും ചിത്രം നേടിയിരിക്കുന്നത് 2.92 കോടിയോളമാണ്. ഇതോടെ ആദ്യ രണ്ട് ദിനങ്ങളില്‍ ലഭിച്ച കളക്ഷന്‍ 7.04 കോടിയെന്നാണ് സിനിമാ പേജുകള്‍ നല്‍കുന്ന വിവരം.

ഐ നോബഡി. Photo: X.com

അടുത്ത മാസം ക്ലാഷ് റിലീസിനൊരുങ്ങുന്ന ഖലീഫയ്ക്ക് മുമ്പ് പൃഥ്വിരാജില്‍ നിന്നും ലഭിക്കുന്ന ഹിറ്റ് ചിത്രമായിരിക്കും ഐ നോബഡിയെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ലഭിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് ചിത്രം അകപ്പെട്ടിരിക്കുന്നത്. താരത്തിന്റെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ വിലയാത്ത് ബുദ്ധ വലിയ പരാജയമായി മാറിയിരുന്നു. ഇതോടെ ഐ നോബഡിയും വരാനിരിക്കുന്ന ഖലീഫയും വിജയമാക്കേണ്ടത് പൃഥ്വിരാജിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

Content Highlight: First Two day box office collection report of I Nobody

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.