ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ്.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 587 & 427/6d

ഇംഗ്ലണ്ട്: 407 & 72/3 (16/106)

T: 608

 

ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാന്‍ 90 ഓവറില്‍ 536 റണ്‍സ് വേണം. അതേസമയം, ഇന്ത്യയ്ക്ക് വേണ്ടതാകട്ടെ ഏഴ് വിക്കറ്റുകളും. എഡ്ജ്ബാസ്റ്റണിവെല്‍ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാല്‍ വിജയത്തിന് മുമ്പ് തന്നെ ഒരു ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരത്തില്‍ (രണ്ട് ഇന്നിങ്‌സിലും) ഇന്ത്യ 1000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 1014 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലാണ് ഇന്ത്യ ഈ ചരിത്രനേട്ടത്തിലെത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 30 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്, ആദ്യ ഇരട്ട സെഞ്ച്വറിയും ഇത് തന്നെ.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് നാല് വിക്കറ്റും നേടി.