പുതുമുഖങ്ങള്‍ അരങ്ങ് തകര്‍ത്തുകൊണ്ട് പ്രേക്ഷകമനസില്‍ സ്ഥാനം നേടിയ ചിത്രമായിരുന്നു ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ വാഴ. വിപിന്‍ മേനോന്റെ തിരക്കഥയില്‍ റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരുപിടി താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തിയ വാഴ 2. ആദ്യഭാഗത്തിന് സമാനമായി റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാഷിറിനെയും ടീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തിയത്.

വാഴ 2. Photo: Badusha/ X.com

കേരളത്തിലുടനീളമുള്ള തിയേറ്ററുകളില്‍ ആദ്യപ്രദര്‍ശനം കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് നവാഗതനായ സവിന്‍ എസ്.എ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്. ഇമോഷനും ഡ്രാമയും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രമെന്ന് ഫസ്റ്റ് റെസ്‌പോണ്‍സുകള്‍ സൂചിപ്പിക്കുന്നു. റീലില്‍ നിന്നും മാറി ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി വേഷമിട്ട ഹാഷിര്‍, അജിന്‍, അലന്‍, വിനായക് തുടങ്ങിയവരും യൂറേക്കാ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവരാജും കൈയടി നേടുകയാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പൊലീസ് വേഷത്തിലെത്തിയത് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണെന്ന് ഏവരും ഒന്നടങ്കം പറയുന്നത്. ചിത്രത്തില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട അജു വര്‍ഗീസും വിജയ് ബാബുവും തങ്ങളുടെ ഭാഗം മികച്ചതാക്കിയെന്നും റെസ്‌പോണ്‍സുണ്ട്. വാഴ 2 വില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം ചിത്രത്തിലെ ഗാനങ്ങളാണെന്നും പല സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള ചിത്രത്തിലെ ഒമ്പതോളം വരുന്ന ഗാനങ്ങളില്‍ പലതും കണ്ക്ടായെന്നും അഭിപ്രായമുണ്ട്.

ചിത്രത്തിനൊപ്പം ക്ലാഷ് വെക്കാനിരുന്ന ദൃശ്യം 3 രക്ഷപ്പെട്ടതാണെന്ന തരത്തില്‍ സിനിമ കണ്ടിറങ്ങിയവരുടെ ആവേശപ്രകടനങ്ങളും പുറത്തുവരുന്നുണ്ട്. മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രത്തിന് പോസിറ്റീവ് ലഭിച്ചില്ലായിരുന്നെങ്കില്‍ ഹാഷിറിന്റെയും ടീമിന്റെയും വാഴ ദൃശ്യത്തെ ബോക്‌സ് ഓഫീസില്‍ മുക്കികളഞ്ഞേനെ എന്നും കമന്റുകളുണ്ട്.

വാഴ 2. Photo: IMDB

മികച്ച പ്രതികരണം പുറത്തുവന്നതോടെ ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ദുഃഖവെള്ളിയും ഈസ്റ്ററുമടക്കം അവധി ദിനങ്ങള്‍ വരാനിരിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് ബോക്‌സ് ഓഫീസില്‍ ചിത്രത്തിനുള്ളത്.

Content Highlight: First response Of  Vaazha 2 Movie released today