കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ തിരക്കഥകൃത്തും സംവിധായകനുമാണ് വിപിന്‍ ദാസ്. മലയാളത്തില്‍ ഒട്ടനവധി ഫണ്‍ കോമഡി എന്റര്‍ടെയിനറുകല്‍ നിര്‍മിച്ച വിപിന്‍ ദാസ് തന്റെ ചിത്രങ്ങളിലൂടെ ഒട്ടനവധി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിപിന്‍ ദാസ് തിരക്കഥയെഴുതി ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ വാഴയിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവായിരുന്നു ജോമോന്‍ ജ്യോതിര്‍. ചിത്രത്തിലെ മൂസ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ വലിയ ടേണിങ് പോയിന്റായി മാറിയിരുന്നു.
ജോമോന്റെ അഭിനയജീവിതത്തെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള മറ്റൊരു വിപിന്‍ ദാസ് ചിത്രമാണ് സന്തോഷ് ട്രോഫി. പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും താരം പിന്മാറുകയും പിന്നീട് ലീഡ് റോളിലേക്ക് ജോമോന്‍ ജ്യോതിറിനെ കാസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ക്കിടയിലേക്ക് ചുവടുവെക്കാനുള്ള വലിയ അവസരമാണ് ജോമോന്‍ ജ്യോതിറിന് കൈവന്നിരിക്കുന്നത്.
ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിനായി വലിയ രീതിയില്‍ താരം ശരീരഭാരം കുറച്ചുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ജോമോന്‍ ജ്യോതിറിന് പുറമെ നൂറോളം പുതുമുഖ താരങ്ങളെ അണിനിരത്തിയായിരിക്കും സംവിധായകന്‍ ചിത്രം ഒരുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റടിച്ചതും ചിത്രത്തിന്റെ അവസാന ഭാഗത്ത് കാമിയോ അപ്പിയറന്‍സായി എത്തിയ ജോമോന്‍ ജ്യോതിറിന്റെ കഥാപാത്രത്തിന് പ്രേക്ഷരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചതും സന്തോഷ് ട്രോഫിയെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ഘടകങ്ങളാണ്. ഒരു വിപിന്‍ ദാസ് ചിത്രമെന്ന തരത്തില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന തരത്തില്‍ തന്റെ പേരുറപ്പിക്കാന്‍ വിപിന്‍ ദാസിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധിക്കുകയും ചെയ്തിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ സഹനടനായി എത്തിയ ജോമോന്‍ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകനായെത്തുമ്പോള്‍ താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് നിസംശയം പറയാം. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആശാന്‍ എന്ന ചിത്രത്തിലും ഇന്ദ്രന്‍സിനൊപ്പം കേന്ദ്രകഥാപാത്രമായി ജോമോന്‍ എത്തിയിരുന്നു. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പ്രേംപാറ്റയും താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നുണ്ട്.
Content Highlight: First look poster of Jomon Jyothir’s new movie Santhosh Trophy directed by Vipin Das Out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.