മേജർ ലീഗിൽ താണ്ഡവമാടി ഫിൻ അലൻ; അടിച്ച് വീഴ്ത്തിയത് സാക്ഷാൽ ഗെയ്‌ലിനെ
Sports News
മേജർ ലീഗിൽ താണ്ഡവമാടി ഫിൻ അലൻ; അടിച്ച് വീഴ്ത്തിയത് സാക്ഷാൽ ഗെയ്‌ലിനെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th June 2025, 1:46 pm

മേജർ ലീഗ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ന്യൂസിലാൻഡ് ബാറ്റർ ഫിൻ അലൻ. സാൻ ഫ്രാൻസിസ്കോ യൂണികോൺസ് താരമായ അലൻ വാഷിങ്ടൺ ഫ്രീഡമിനെതിരായ മത്സരത്തിൽ 51 പന്തിൽ 151 റൺസ് നേടിയാണ് താരം ചരിത്രം കുറിച്ചത്.

അലൻ തന്റെ ഇന്നിങ്സിൽ 19 സിക്സുകളാണ് അടിച്ചു കൂട്ടിയത്. അതോടെ ഒരു ടി – 20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമെന്ന നേട്ടം വലം കൈയ്യൻ ബാറ്റർ സ്വന്തം പേരിലാക്കി. 2017ൽ വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്ൽ സ്വന്തമാക്കിയ റെക്കോഡ് പുതുക്കി പണിഞ്ഞാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഒരു ടി – 20 മത്സരത്തിൽ ഏറ്റവും സിക്സ് നേടിയ താരം

(സിക്സ് – താരം – ടീം – എതിരാളി – വേദി – വർഷം എന്നെ ക്രമത്തിൽ)

19 – ഫിൻ അലൻ – സാൻഫ്രാൻസിസ്കോ യൂണികോൺസ് – വാഷിങ്ടൺ ഫ്രീഡം – ഓക്ലൻഡ് – 2025

18 – ക്രിസ് ഗെയ്ൽ – രംഗ്പൂർ റൈഡേഴ്‌സ് – ധാക്ക ഡയനാമിറ്റ്സ് – മിർപുർ – 2017

18 – സാഹിൽ ചൗഹാൻ – എസ്റ്റോണിയ – സൈപ്രസ് – എപ്പിസ്‌കോപ്പി – 2017

17- ക്രിസ് ഗെയ്ൽ – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – പുണെ വാരിയേഴ്‌സ്- ബെംഗളൂരു – 2013

17- പുനീത് ഭിഷ്ത് – മേഘാലയ – മിസോറം – ചെന്നൈ – 2011

മത്സരത്തിൽ അലൻ 21 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. കൂടാതെ നേരിട്ട 34ാം പന്തിൽ താരം സെഞ്ച്വറിയും നേടി. അടുത്ത 17 പന്തിൽ തന്റെ സ്കോറിലേക്ക് 51 റൺസ് കൂടെ ചേർക്കാൻ ന്യൂസിലാൻഡ് താരത്തിനായി. ഇതോടെ സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ 52 പന്തിൽ 150 റൺസ് നേടിയ റെക്കോഡ് പഴങ്കഥയായി.

താരത്തിന്റെ വെടിക്കെട്ടിൽ യൂണികോൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എടുത്തു. ഒപ്പം ടീം വാഷിങ്ടൺ ഫ്രീഡമിനെ 146ന് പുറത്താക്കി 123 റൺസിന്റെ വമ്പൻ വിജയവും കരസ്ഥമാക്കി.

Content Highlight: Finn Allen created history by hitting most sixes in an Innings in T20 match by a batter and goes pass Chris Gayle