12 ദിവസം കൊണ്ട് 45 കോടി, പലയിടത്തും വാഷൗട്ട്, ക്രിസ്മസ് അവധി തീരുന്നതിന് മുന്നേ കളം വിട്ട് ഭ ഭ ബ
Malayalam Cinema
12 ദിവസം കൊണ്ട് 45 കോടി, പലയിടത്തും വാഷൗട്ട്, ക്രിസ്മസ് അവധി തീരുന്നതിന് മുന്നേ കളം വിട്ട് ഭ ഭ ബ
അമര്‍നാഥ് എം.
Monday, 29th December 2025, 10:22 pm

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലും ബജറ്റിലുമെത്തിയ ചിത്രമാണ് ഭ ഭ ബ. ആദ്യദിനം വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴേക്ക് വാഷൗട്ടിന്റെ വക്കിലാണ്. പലയിടത്തും ആളില്ലാതെ ഷോയെല്ലാം ക്യാന്‍സലാവുകയാണ്. ക്രിസ്മസ് അവധി പോലും മുതലെടുക്കാനാകാതെ ചിത്രം ബോക്‌സ് ഓഫീസ് പരാജയത്തിലേക്കാണ് കുതിക്കുന്നത്.

ഇതുവരെ വെറും 45 കോടി മാത്രമാണ് ചിത്രം നേടിയത്. ആദ്യ വീക്കെന്‍ഡില്‍ 32 കോടി നേടിയ ചിത്രം പിന്നീടുള്ള ഏഴ് ദിവസത്തില്‍ നേടിയത് വെറും 12 കോടിയാണ്. ക്രിസ്മസ് ദിനത്തില്‍ ചിത്രം രണ്ട് കോടി പോലും നേടിയിരുന്നില്ല. 40 കോടി ബജറ്റിലെത്തിയ ചിത്രം നിര്‍മാതാവിനെയും വിതരണക്കാരനെയും സേഫാക്കാന്‍ മിനിമം 65 കോടിയെങ്കിലും നേടണം.

ഭ ഭ ബ Photo: Screen grab/ Sree Gokulam movies

എന്നാല്‍ അത്രയും വലിയ കളക്ഷന്‍ ഇനി ചിത്രം നേടാന്‍ സാധ്യതയില്ല. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഭ ഭ ബ മാറിയിരിക്കുകയാണ്. ദിലീപിന്റെ തിരിച്ചുവരവെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ട ചിത്രമായിരുന്നു ഭ ഭ ബ. എന്നാല്‍ താരത്തിന്റെ കരിയറിലെ വലിയ പരാജയങ്ങളിലൊന്നെന്ന മോശം നേട്ടവും ഭ ഭ ബ സ്വന്തമാക്കി.

മലയാളത്തിന്റെ മഹാതാരം മോഹന്‍ലാലിന്റെ അതിഥിവേഷത്തിന് പോലും ഭ ഭ ബയെ രക്ഷപ്പെടുത്താനായില്ല. ഗില്ലി ബാല എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ പല റിവ്യൂവര്‍മാരും വലിച്ചുകീറി. ഒ.ടി.ടി റിലീസിന് ശേഷം ട്രോളന്മാരുടി ഇരയായി ചിത്രം മാറുമെന്നാണ് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി പകുതിയോടെയാകും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ്.

ഭ ഭ ബ Photo: Screen grab/ Sree Gokulam movies

നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. അഭിനേതാക്കളായ നൂറിന്‍ ഷെരീഫ്, ഫഹീം സഫര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സ്ഫൂഫ് ഴോണറിലെത്തിയ ഭ ഭ ബക്ക് ‘സീറോ ലോജിക് ഓണ്‍ലി മാഡ്‌നെസ്സ്’ എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ടാഗ്‌ലൈന്‍. എന്നാല്‍ സ്പൂഫ് ഴോണറിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല.

ദിലീപ്, മോഹന്‍ലാല്‍, വിജയ് എന്നിവരുടെ ഹിറ്റ് സിനിമകളുടെ റഫറന്‍സായിരുന്നു സിനിമ മുഴുവന്‍. എന്നാല്‍ കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ ഈ റഫറന്‍സൊന്നും ഒരു ഇംപാക്ടും ഉണ്ടാക്കിയില്ല. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബൈജു സന്തോഷ്, സാന്‍ഡി, സലിംകുമാര്‍, അശോകന്‍, ബാലു വര്‍ഗീസ്, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങി വന്‍ താരനിരയായിരുന്നു ഭ ഭ ബയില്‍ അണിനിരന്നത്.

Content Highlight: Final Collection of Bha Bha Ba will be 45 crore and moving to disaster in Box Office

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം