സര്‍വ്വം മായയിലെ അഞ്ചാമത്തെ ഡിലീറ്റഡ് സീനിന് ട്രോള്‍, പടം നിറച്ച് ഡിലീറ്റഡ് സീനാണല്ലോ എന്ന് കമന്റുകള്‍
Malayalam Cinema
സര്‍വ്വം മായയിലെ അഞ്ചാമത്തെ ഡിലീറ്റഡ് സീനിന് ട്രോള്‍, പടം നിറച്ച് ഡിലീറ്റഡ് സീനാണല്ലോ എന്ന് കമന്റുകള്‍
അമര്‍നാഥ് എം.
Thursday, 29th January 2026, 8:22 pm

തിയേറ്ററുകളില്‍ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കി ഒ.ടി.ടിയിലേക്കെത്താന്‍ കാത്തിരിക്കുകയാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. ബോക്‌സ് ഓഫീസില്‍ 150 കോടിയിലേറെ നേടിയ ചിത്രം ജനുവരി 30നാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക. അഖില്‍ സത്യനാണ് ഈ ഫീല്‍ഗുഡ് ഹൊറര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം വിജയമായതിന് പിന്നാലെ സര്‍വ്വം മായയിലെ ഡിലീറ്റഡ് സീനുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതുവരെ അഞ്ച് ഡിലീറ്റഡ് സീനുകളാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ അഞ്ചാമത്തെ ഡിലീറ്റഡ് സീനും പുറത്തുവിട്ടതോടെ ചിലര്‍ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമ മൊത്തം ഡിലീറ്റഡ് സീനാണോ എന്നാണ് യൂട്യൂബില്‍ പങ്കുവെച്ച കമന്റ്.

സര്‍വ്വം മായയിലെ ഡിലീറ്റഡ് സീന്‍ Photo: Screen grab/ Firefly films

ഈ സീന്‍ ഡിലീറ്റ് ചെയ്തത് നന്നായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിജിലേഷ് അവതരിപ്പിക്കുന്ന അനിമോനും ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച വല്യച്ചനും ഓട്ടോയില്‍ പോകുന്ന രംഗമാണ് പുറത്തുവിട്ടത്. നാട്ടുകാര്‍ പിരിവിട്ട് തനിക്ക് ഹാര്‍ട്ട് ഓപ്പറേഷനുള്ള പൈസ അറേഞ്ച് ചെയ്‌തെന്നും അപ്പോഴേക്ക് തന്റെ അസുഖം ഭേദമായെന്നും അനിമോന്‍ പറയുന്നുണ്ട്. പിരിച്ചുകിട്ടിയ പൈസക്ക് താന്‍ മൂന്ന് ഓട്ടോ വാങ്ങിയെന്നും ബാക്കി പൈസ പലിശക്ക് കൊടുത്തെന്നുമെല്ലാം ഈ രംഗത്തില്‍ പറയുന്നുണ്ട്.

ഇങ്ങനെയൊരു രംഗം ഓഴിവാക്കിയത് നന്നായെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒരു ഷോട്ടില്‍ സ്‌ക്രീനിന്റെ മുകളില്‍ മൈക്ക് കാണാനാകുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. ഇതുവരെ പുറത്തുവിട്ടതില്‍ ആകെ രണ്ട് സീന്‍ മാത്രമാണ് നല്ലതെന്നാണ് പലരുടെയും കമന്റ്. അച്ഛന്റെ പിറന്നാളിന് നാട്ടിലെത്തുന്ന പ്രഭേന്ദുവിന്റെ രണ്ട് രംഗങ്ങളാണ് മികച്ചതെന്നാണ് അഭിപ്രായം.

സര്‍വ്വം മായയിലെ ഡിലീറ്റഡ് സീന്‍ Photo: Screen grab/ Firefly films

അജുവും നിവിനും തമ്മിലുള്ള സംഭാഷണവും, ഡെലിവറി ബോയ് ആയി വേഷമിട്ട അല്‍ത്താഫും നിവിനും തമ്മിലുള്ള സംഭാഷണവും ഒഴിവാക്കിയത് നന്നായെന്ന് ചിലര്‍ കമന്റ് പങ്കുവെച്ചു. രഘുനാഥ് പലേരിയുടെ കഥാപാത്രത്തിന് ബര്‍ത്ത്‌ഡേ വിഷ് നല്‍കുന്ന രംഗം എന്തിനാണ് ഡിലീറ്റ് ചെയ്തതെന്നും കമന്റുകളുണ്ട്.

തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം നിവിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു സര്‍വ്വം മായ. ക്രിസ്മസ് റിലീസായെത്തിയ ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സര്‍വ്വം മായ.

നിവിന്‍ പോളിക്ക് പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അജു വര്‍ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദന്‍, മധു വാര്യര്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. തിയേറ്ററിലെ സ്വീകാര്യത ഒ.ടി.ടിയിലും സര്‍വം മായ ആവര്‍ത്തിക്കുമെന്നാണ് പലരും കരുതുന്നത്. ജിയോ ഹോട്‌സ്റ്റാറാണ് ചിത്രം ഒ.ടി.ടിയിലെത്തിക്കുന്നത്.

Content Highlight: Fifth deleted scene in Sarvam Maya getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം