മറിഞ്ഞ് വീണ് നെയ്മറിന്റെ അഭിനയം; കയ്യോടെ പിടിച്ച് റഫറി വാര്‍ (വീഡിയോ)
2018 fifa world cup
മറിഞ്ഞ് വീണ് നെയ്മറിന്റെ അഭിനയം; കയ്യോടെ പിടിച്ച് റഫറി വാര്‍ (വീഡിയോ)
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd June 2018, 8:40 am

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പതിനൊന്ന് തവണ ഫൗളിന് വിധേയനായ താരമാണ് നെയ്മര്‍. സ്വിസ് ടീമിന്റെ വരിഞ്ഞുകെട്ടല്‍ കൂടിയായതോടെ നെയ്മര്‍ വിയര്‍ത്തു. സ്വിറ്റ്സര്‍ലാന്‍ഡ് ചെയ്ത 18 ഫൗളുകളില്‍ 10ല്‍ അധികവും നെയ്മറിനെ വീഴ്ത്താനായിരുന്നു. ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെടുന്ന താരമാകാനും ഇതോടെ നെയ്മറിനായി. സ്വിറ്റ്സര്‍ലാന്റ് നിരയില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകളിലും നെയ്മറിന് പങ്കുണ്ടായിരുന്നു. മൂന്ന് മഞ്ഞയും നെയ്മറിനെ വീഴ്ത്തിയതിനായിരുന്നു ലഭിച്ചത്.

ഇതോടെ നെയ്മര്‍ തൊട്ടവാടിയാണെന്നും മികച്ച അഭിനേതാവാണെന്നുമുള്ള പരിഹാസങ്ങള്‍ നെയ്മര്‍ക്കെതിരെ വന്നു. എങ്കിലും നെയ്മറിനെ തെരഞ്ഞു പിടിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ബ്രസീല്‍ ആരാധകരുടെ മറുവാദം. എന്നാല്‍ ഈ ആക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടികൊണ്ടാണ് കോസ്റ്ററീക്കയ്ക്കെതിരായ ഇന്നലെ നടന്ന നാടകീയ സംഭവങ്ങള്‍.


Read Also : “ഒരു നാള്‍ ഞങ്ങളും വരും”; ലോകകപ്പ് വേദിയില്‍ ബാനര്‍ ഉയര്‍ത്തി മലയാളികള്‍


 

78-ാം മിനിറ്റില്‍ കോസ്റ്ററീക്കന്‍ പോസ്റ്റിലായിരുന്നു സംഭവം. ഗാബ്രിയേല്‍ ജീസസ് നല്‍കിയ പന്ത് വരുതിയിലാക്കാന്‍ തുനിഞ്ഞ നെയ്മറുടെ മുന്നിലേക്ക് കോസ്റ്ററീക്കന്‍ ഡിഫന്‍ഡര്‍ ഗോണ്‍സലെസ് എത്തുന്നു. തന്നെ പിടിച്ച് തള്ളിയെന്ന വാദത്തില്‍ പിന്നിലേക്ക് മറിഞ്ഞ വീണ നെയ്മര്‍ പെനാല്‍റ്റിക്ക് വേണ്ടി അപ്പീല്‍ ചെയ്യുകയും റഫറി പെനാല്‍റ്റി കിക്ക് സമ്മാനിക്കുകയും ചെയ്തു.

 

എന്നാല്‍ കോസ്റ്ററീക്കന്‍ താരങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ റഫറി വാറിന്റെ സഹായം തേടുകയായിരുന്നു. നെയ്മറുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കിയാണ് ഗോണ്‍സലെസ് പ്രതിരോധം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി നല്‍കാനെടുത്ത തീരുമാനം റഫറി പിന്‍വലിക്കുകയും ചെയ്തു.


Read Also : ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള സംഘം ബ്രസീലാണ്


 

കോസ്റ്ററീക്കയ്ക്കെതിരേ ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ നേടിയാണ് ബ്രസീല്‍ ജയിച്ചത്. നെയ്മറെ കൂടാതെ കുട്ടീന്യോയാണ് മറ്റൊരു ഗോള്‍ നേടിയത്.