ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ബിഗ് സ്‌ക്രീനിങ് കേരളത്തിന്റെ തെരുവുകളില്‍ സര്‍വസാധാരണമാണ്. എന്നാല്‍, ഇത്തവണ ഇത്തരം സ്‌ക്രീനിങ്ങുകള്‍ക്ക് ചെലവേറും. പൊതുയിടങ്ങളില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇന്ത്യയുടെ ഔദോഗിക ബ്രോഡ്കാസ്റ്ററായ സീ 5 ലൈസന്‍സിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പൊതുസ്ഥലങ്ങളില്‍ ഏതുതരത്തിലുമുള്ള പ്രദര്‍ശനത്തിനും ഇനി മുതല്‍ ലൈസന്‍സ് വേണം. കേരളത്തില്‍ ലൈസന്‍സിനായി ഈഗിള്‍സ് എഫ്.സിയുടെ സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സീ 5ന്റെ ഹെഡ് ഓഫീസാണ് ലൈസന്‍സ് അനുവദിക്കുക.
ഫിഫ ഏതൊരു ഇവന്റിനും ലൈസന്‍സിങ് സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഈഗിള്‍സ് എഫ്.സി കേരള മാനേജര്‍ പറഞ്ഞു. എന്നാല്‍, മുന്‍ കാലങ്ങളില്‍ അത് ഇന്ത്യയിലോ കേരളത്തിലോ നിര്‍ബന്ധമാക്കിയിരുന്നില്ല. ഇന്ത്യയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സീ 5ന്റെയും ഫിഫയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേരളത്തിലും ലൈസന്‍സിങ്ങും നടപ്പിലാക്കുന്നത്.
ലോകകപ്പിനോട് അനുബന്ധിച്ച് ഉയർന്ന ഫ്ലെക്സുകളും താരങ്ങളും.
വാണിജ്യാടിസ്ഥാനത്തിലല്ലാതെ പ്രാദേശിക കൂട്ടായ്മകൾ നടത്തുന്ന പ്രദര്‍ശനത്തിന് കുറഞ്ഞത് 25000 രൂപയാണ് ലൈസന്‍സ് ഫീ. പല തരത്തിലുള്ള പ്രദര്‍ശനത്തിന് വിവിധ നിരക്കുകളാണ് ഈടാക്കുന്നത്. 25000 മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഫീസ്.
സര്‍ക്കാര്‍ പ്രദര്‍ശനത്തിന് 500000, മുൻസിപ്പാലിറ്റികളുടെ പ്രദര്‍ശനത്തിന് 200000, ഗ്രാമ പഞ്ചായത്തുകളുടെ പ്രദര്‍ശനത്തിന് 100000, കോര്‍പറേഷനുകളുടെ പ്രദര്‍ശനത്തിന് 300000 എന്നിങ്ങനെയാണ് നിരക്കുകളുള്ളത്.
വലിയ മാളുകള്‍ക്ക് 250000, മീഡിയം മാളുകള്‍ക്ക് 100000, ചെറിയ മാളുകള്‍ക്ക് 50000 നിരക്കുകള്‍ ഈടാക്കുമ്പോള്‍ തിയേറ്ററുകളുടെ പ്രദര്‍ശനത്തിന് ടിക്കറ്റിന്റെ 50 ശതമാനമാണ് ലൈസന്‍സ് ഫീയായി ഫിഫയിലേക്ക് അടക്കേണ്ടത്.
ലൈസന്‍സ് എടുക്കാതെയുള്ള പ്രദര്‍ശനങ്ങള്‍ സീ 5ന്റെയും ഫിഫയുടെ ആന്റി പൈറസി ടീമുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊതു പ്രദര്‍ശനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഈഗിള്‍സ് എഫ്.സി കേരള മാനേജര്‍ പറഞ്ഞു.
അതേസമയം, ഫിഫയുടെ അംഗീകാരമുള്ള ഫാന്‍ പാര്‍ക്കുകള്‍ 4 ജില്ലകളിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രം ഏഴ് ഫാന്‍ പാര്‍ക്കുകള്‍ ഉണ്ടായിരിക്കും. സെമി ഫൈനലുകള്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിവയാണ് ഫാന്‍ പാര്‍ക്കുകളില്‍ പ്രദര്‍ശനമുണ്ടാകുക. ഇതിന്റെ ടിക്കറ്റുകള്‍ നിരക്കുകള്‍ ഇതുവരെ തീരുമാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: FIFA World Cup 2026: ZEE5 makes it mandatory to have a license to watch the World Cup in public places