വക്കാ വക്കാ മുഴങ്ങിയ ലോകകപ്പില്‍ ബൊഫാന ബൊഫാന തിളങ്ങിയ നിമിഷം; 2026 ലോകകപ്പില്‍ അതേ മത്സരം, അതുപോലെ വീണ്ടും!
World Cup 2026
വക്കാ വക്കാ മുഴങ്ങിയ ലോകകപ്പില്‍ ബൊഫാന ബൊഫാന തിളങ്ങിയ നിമിഷം; 2026 ലോകകപ്പില്‍ അതേ മത്സരം, അതുപോലെ വീണ്ടും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 8:03 am

2026 ഫിഫ ലോകകപ്പിന് ഇനി പന്തുരുളാന്‍ 186 ദിവസങ്ങളുടെ കാത്തിരിപ്പ്. കാറ്റ് നിറച്ച തുകല്‍പന്തിലേക്ക് ലോകം ചുരുങ്ങുന്ന കാഴ്ചയ്ക്കാകും ഇനി ആരാധകര്‍ സാക്ഷ്യം വഹിക്കുക. 2026 ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന മാമാങ്കത്തിന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവരാണ് വേദിയാകുന്നത്.

കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള ഗ്രൂപ്പ് നിര്‍ണയം നടന്നത്. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെ-യില്‍ ഇടം നേടിയപ്പോള്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെ-യിലാണ് ഇടം പിടിച്ചത്. ഗ്രൂപ്പ് സി-യിലാണ് ബ്രസീല്‍.

ഗ്രൂപ്പ് ഡ്രോയ്‌ക്കൊപ്പം ഫിക്‌സ്ചറുകളും പ്രഖ്യാപിച്ചിരുന്നു. ഓപ്പണിങ് മാച്ചില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ മെക്‌സിക്കോ ആഫ്രിക്കന്‍ സൂപ്പര്‍ ടീം സൗത്ത് ആഫ്രിക്കയെ നേരിടും. മെക്‌സിക്കോയുടെ തട്ടകമായ എസ്റ്റാഡിയോ ആസ്റ്റക്കയാണ് വേദി.

2026 ലോകകപ്പിലെ ഓപ്പണിങ് മാച്ച് കാണുന്ന ഏതൊരു ആരാധകനും 2010ലെ സൗത്ത് ആഫ്രിക്കന്‍ ലോകകപ്പിലേക്ക് ഒരുനിമിഷമെങ്കിലും തിരിച്ചുനടക്കുമെന്നുറപ്പാണ്. വേവിങ് ഫ്‌ളാഗും വക്കാ വക്കായും അകമ്പടിയൊരുക്കിയ, സ്പാനിഷ് പട കിരീടം ചൂടിയ അതേ ലോകകപ്പ് തന്നെ.

2010 ലോകകപ്പ്: Photo/Wikipedia

2010 ലോകകപ്പിന്റെ ഓപ്പണിങ് മാച്ചില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്ക മെക്‌സിക്കോയെ നേരിട്ടിരുന്നു. മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സ്‌പെഷ്യലായ മാച്ചുകളിലൊന്നായി ഈ മത്സരം അടയാളപ്പെടുത്തപ്പെട്ടിരുന്നു.

ജോഹനാസ്‌ബെര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരാണ് ആദ്യ ഗോള്‍ നേടിയത്. കഗീഷോ ദിഗകോയ്‌യുടെ അളന്നുമുറിച്ച പാസ് സിഫിവെ ഷബാലാല മെക്‌സിക്കന്‍ ഗോള്‍പോസ്റ്റിലേക്ക് തൊടുത്തുവിട്ടപ്പോള്‍ സോക്കര്‍ സിറ്റി സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു.

ഈ നിമിഷത്തെ കൂടുതല്‍ മനോഹരമാക്കിയത് സാക്ഷാല്‍ പീറ്റര്‍ ഡ്യൂറിയുടെ കമന്ററി കൂടിയാണ്. ‘ഗോള്‍ ഫോര്‍ സൗത്ത് ആഫ്രിക്ക, ഗോള്‍ ഫോര്‍ ഓള്‍ ആഫ്രിക്ക’ എന്ന ഡ്യൂറിയുടെ വാക്കുകള്‍ ലോകമൊന്നാകെ മുഴങ്ങിക്കേട്ടു.

ഈ ഗോളിന് പിന്നാലെയുള്ള സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ സെലിബ്രേഷന് ഇന്നും ആരാധകര്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.

55ാം മിനിട്ടില്‍ ഗോള്‍ വഴങ്ങിയ മെക്‌സിക്കോ 79ാം മിനിട്ടില്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വെസിലൂടെ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

ഒന്നര പതിറ്റാണ്ടിന് ശേഷം മറ്റൊരു വേദിയില്‍, മറ്റൊരു ലോകകപ്പിന്റെ ഓപ്പണിങ് മാച്ചായി ഈ മത്സരം വീണ്ടും ആവര്‍ത്തിക്കുകയാണ്. ലോകകപ്പ് ആരാധകര്‍ക്ക് ഭൂതകാലക്കുളിര്‍ നല്‍കുന്ന മത്സരം തന്നെയായിരിക്കും ആസ്റ്റക് സ്റ്റേഡിയത്തില്‍ നടക്കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.

2026 ലോകകപ്പ് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

  • മെക്‌സിക്കോ (ആതിഥേയര്‍)
  • സൗത്ത് ആഫ്രിക്ക
  • സൗത്ത് കൊറിയ
  • യുവേഫ പ്ലേ ഓഫ് ഡി ജേതാക്കള്‍

ഗ്രൂപ്പ് ബി

  • കാനഡ (ആതിഥേയര്‍)
  • ഖത്തര്‍
  • സ്വിറ്റ്‌സര്‍ലന്‍ഡ്
  • യുവേഫ പ്ലേ ഓഫ് എ ജേതാക്കള്‍

ഗ്രൂപ്പ് സി

  • ബ്രസീല്‍
  • മൊറോക്കോ
  • ഹെയ്തി
  • സ്‌കോട്‌ലാന്‍ഡ്

ഗ്രൂപ്പ് ഡി

  • അമേരിക്ക (ആതിഥേയര്‍)
  • പരഗ്വായ്
  • ഓസ്‌ട്രേലിയ
  • യുവേഫ പ്ലേ ഓഫ് സി ജേതാക്കള്‍

ഗ്രൂപ്പ് ഇ

  • ജര്‍മനി
  • കുറക്കാവോ
  • ഐവറി കോസ്റ്റ്
  • ഇക്വഡോര്‍

ഗ്രൂപ്പ് എഫ്

  • നെതര്‍ലന്‍ഡ്‌സ്
  • ജപ്പാന്‍
  • ടുണീഷ്യ
  • യുവേഫ പ്ലേ ഓഫ് ബി ജേതാക്കള്‍

ഗ്രൂപ്പ് ജി

  • ബെല്‍ജിയം
  • ഈജിപ്ത്
  • ഇറാന്‍
  • ന്യൂസിലാന്‍ഡ്

ഗ്രൂപ്പ് എച്ച്

  • സ്‌പെയ്ന്‍
  • കേപ്പ് വെര്‍ദെ
  • സൗദി അറേബ്യ
  • ഉറുഗ്വേ

ഗ്രൂപ്പ് ഐ

  • ഫ്രാന്‍സ്
  • സെനഗല്‍
  • നോര്‍വേ
  • ഫിഫ പ്ലേ ഓഫ് 2 ജേതാക്കള്‍

ഗ്രൂപ്പ് ജെ

  • അര്‍ജന്റീന
  • അള്‍ജീരിയ
  • ഓസ്ട്രിയ
  • ജോര്‍ദാന്‍

ഗ്രൂപ്പ് കെ

  • പോര്‍ച്ചുഗല്‍
  • ഉസ്ബക്കിസ്ഥാന്‍
  • കൊളംബിയ
  • ഫിഫ പ്ലേ ഓഫ് 1 ജേതാക്കള്‍

ഗ്രൂപ്പ് എല്‍

  • ഇംഗ്ലണ്ട്
  • ക്രൊയേഷ്യ
  • ഘാന
  • പനാമ

 

Content Highlight: FIFA World Cup 2026: Mexico will face South Africa in opening match