ലോക ഫുട്‌ബോള്‍ അടുത്ത ട്രാന്‍സിഷന്‍ പിരിയഡിലേക്ക് കടന്നിട്ടും പുതിയ താരങ്ങള്‍ സ്‌പോട്ട്‌ലൈറ്റ് സ്റ്റീലേഴ്‌സായി മാറിയിട്ടും മെസിയും റൊണാള്‍ഡോയും തന്നെയാണ് ഇന്നും ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ഇവരെ കുറിച്ച് പരാമര്‍ശിക്കാത്ത ഒരു ദിവസം പോലും ആരാധകര്‍ക്കിടയില്‍ ഉണ്ടാകാറില്ല.
ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.
ഇവരില്‍ മികച്ച താരമാര് എന്നതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഏറെ കാലം ഇളക്കിമറിച്ച ചോദ്യം. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.
ഏതൊരു പ്രൊഫഷണല്‍ ഫുട്‌ബോളറും തന്റെ കരിയറില്‍ ഒരിക്കലെങ്കിലും മെസിയോ റോണാള്‍ഡോയോ? ആരാണ് മികച്ചത് എന്ന ചോദ്യം നേരിട്ടുണ്ടാകും. നിലവിലുള്ളവര്‍ മാത്രമല്ല, ഇതിഹാസ താരങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയാണ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റീനോ. ഇരുവരും എക്കാലത്തെയും മികച്ച താരങ്ങളാണെന്നും മെസിയും റൊണാള്‍ഡോയും ഒരുമിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഇന്‍ഫാന്റീനോ പറഞ്ഞു.
ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമായി യൂട്യൂബറായ ഐ ഷോ സ്പീഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രണ്ട് മികച്ച താരങ്ങള്‍, അവിശ്വസീനയമായ പ്രകടനം നടത്തുന്ന രണ്ട് സൂപ്പര്‍ താരങ്ങള്‍. നിങ്ങളൊരു പോര്‍ച്ചുഗീസുകാരനാണെങ്കില്‍ മികച്ച താരമാര് എന്ന ചോദ്യത്തിന് റൊണാള്‍ഡോ എന്നാകും ഉത്തരം നല്‍കുക. അര്‍ജന്റൈന്‍ ആണെങ്കില്‍ മെസി എന്നും. എന്നാല്‍ നിങ്ങളൊരു ഫുട്‌ബോള്‍ ആരാധകനാണെങ്കില്‍ നിങ്ങള്‍ രണ്ട് പേരെയും എന്ന് പറയും.
ഇവര്‍ രണ്ട് പേരും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇവര്‍ രണ്ട് പേരും ഒരേ ടീമില്‍ കളിക്കുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ, അത് വളരെയധികം സ്‌പെഷ്യലല്ലേ,’ ഇന്‍ഫാന്റീനോ പറഞ്ഞു.
ഏതെങ്കിലുമൊരു ദീവസം ഇത് സംഭവിക്കും എന്ന് തോന്നാന്‍ കാരണമെന്ത് എന്ന സ്പീഡിന്റെ ചോദ്യത്തോട്, ‘ഒരുപക്ഷേ നിങ്ങളും (സ്പീഡ്) ഉള്‍പ്പടെയുള്ള ഫിഫ ടീമില്‍ അങ്ങനെ സംഭവിച്ചേക്കാം. എന്തെങ്കിലുമൊരു നല്ല ലക്ഷ്യത്തിനായി നമ്മള്‍ ഒരു ടീം ഉണ്ടാക്കുകയും ഒന്നിച്ച് കളിക്കുകയും ചെയ്‌തേക്കാം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മെസിയുടെ ഇന്റര്‍ മയാമി ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമാണ്. അമേരിക്ക ആതിഥേയരാകുന്നതിനാലാണ് പിങ്ക് ജേഴ്‌സിയില്‍ മെസിപ്പട ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തുന്നത്.
അതേസമയം, റൊണാള്‍ഡോയും ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയേക്കാമെന്നും ചില ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇന്‍ഫാന്റീനോ പറഞ്ഞിരുന്നു. അല്‍ നസര്‍ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടാത്ത സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘അതെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് ലോകകപ്പില്‍ കളിച്ചേക്കാം. ചില ക്ലബുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ഏതെങ്കിലും ടീമുകള്‍ താരത്തിനെ ക്ലബ് ലോകകപ്പിനായി ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സംഭവിക്കാം,’ ഇന്‍ഫന്റീനോ പറഞ്ഞു.